TOPICS COVERED

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാമത്തെ കേസിലും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ അറസ്റ്റില്‍.  ദ്വാരപാലകപാളി സ്വര്‍ണകവര്‍ച്ചാ കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തു.പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി.

ദ്വാരപാലകപാളികളിലെ സ്വര്‍ണകവര്‍ച്ചയില്‍ പത്മകുമാറിനും പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതിചേര്‍ത്തത്. അന്നത്തെ ബോര്‍ഡിനും പ്രസിഡന്‍റായിരുന്ന പദ്മകുമാറിനും പങ്കുണ്ടെന്നാണു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പദ്മകുമാറിന്‍റെ അടുപ്പം ദ്വാരപാലക പാളികള്‍  കൈമാറുന്നതിലും നിര്‍ണായകമായിട്ടുണ്ട്. മാത്രമല്ല അറസ്റ്റിലായ മുന്‍ പ്രസിഡന്‍റ് എന്‍.വാസുവുള്‍പ്പെടെയുള്ളവരുടെ  മൊഴികളും പദ്മകുമാറിന് എതിരായി. ഇതോടെ പ്രതിപട്ടികയിലേക്ക് ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു.  തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കൊല്ലം വിജിലന്‍സ്  കോടതിയില്‍  അന്വേഷണസംഘം അറിയിക്കുകയും ചെയ്തു.   കട്ടിളപ്പാളി സ്വര്‍ണകവര്‍ച്ചാ കേസില്‍ എട്ടാംപ്രതിയാണ് നിലവില്‍ പദ്മകുമാര്‍. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും പദ്മകുമാര്‍ പ്രതിയായി.   അതേസമയം പദ്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. റിമാന്‍ഡ് കാലാവധി ഇന്നവസാനിച്ചതിനെ തുടര്‍‌ന്നു പദ്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പദ്മാകുമാറിന്‍റെ ജാമ്യാപേക്ഷ ഈ മാസം 8 നു കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.സ്വര്‍ണ കവര്‍ച്ചാകേസില്‍ പങ്കില്ലെന്നും പ്രായം കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ വാദം. 

ENGLISH SUMMARY:

Sabarimala Gold Theft Case: A. Padmakumar has been arrested in connection with the Sabarimala gold theft case. Padmakumar's remand has been extended until the 18th of this month.