rahul4

അറസ്റ്റ് ഒഴിവാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നെട്ടോട്ടം. അവസാന ലൊക്കേഷന്‍ സുള്ളിയിലാണെന്ന് കണ്ടെത്തി. കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇത് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്ന് ഉന്നത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

Read Also: രാഹുലിനെതിരെ പരാതിപ്പെട്ടിരുന്നു; യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാറില്ല: ഷഹനാസ്


അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി വരും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് രാവിലെ വീണ്ടും വാദം കേൾക്കും. അതിനുശേഷമാവും വിധി പറയുക. കോടതി ആവശ്യപ്പെട്ട അധികരേഖകൾ പ്രോസിക്യൂഷൻ ഇന്ന് സമർപ്പിക്കും. ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയിൽ വാദം കേട്ടിരുന്നു. യുവതിയുടെ പരാതി പൂർണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട്  തെളിവുകളും ഹാജരാക്കി. എന്നാൽ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. 

ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. ഇന്ന് അത് ഹാജരാക്കുകയും അതിന്മേലുള്ള വാദം നടക്കുകയും ചെയ്യും. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസിന്റെ പരിശോധന തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടുകൂടി രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്.

ഇതിനിടെ ആദ്യ കേസിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയാൻ ഇരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് വൻ കുരുക്കായിരിക്കുകയാണ് രണ്ടാം കേസ്. ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് ഇരുപത്തിമൂന്ന്കാരിയുടെ വെളിപ്പെടുത്തലിൽ രണ്ടാം കേസും  എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം. ഇന്ന് പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പെൺകുട്ടിയുടെ മേൽവിലാസവും വിവരങ്ങളും ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്. രണ്ടുമാസം മുമ്പ് ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയെ ബന്ധപ്പെടുകയും പരാതി കേൾക്കുകയും ചെയ്തിരുന്നു. അന്ന് നിയമപരമായി പരാതിയായിട്ട് പോകാൻ താല്പര്യമില്ല എന്ന് അറിയിച്ചതോടെയാണ് കേസെടുക്കാതിരുന്നത്. പിന്നീട് കെപിസിസി നേതൃത്വത്തിന് പെൺകുട്ടി പരാതി നൽകുകയും, കോൺഗ്രസ് ഡിജിപിക്ക് കൈമാറുകയും ചെയ്തതോടെയാണ് കേസിന് കളമൊരുങ്ങിയത്. പെൺകുട്ടി മൊഴി നൽകിയാൽ കൂടുതൽ ഗുരുതരമായ വകുപ്പുകൾ രാഹുലിനെതിരെ ചുമത്തും . ഇതോടെ ആദ്യ കേസിൽ മുൻകൂർ ജാമ്യം കിട്ടിയാൽ പോലും രാഹുലിന് അറസ്റ്റിന്റെ ഭീഷണി ഒഴിവാകില്ല

ENGLISH SUMMARY:

Rahul Mankootathil is currently evading arrest amidst ongoing investigations. The Kerala police are intensifying their search efforts along the Karnataka-Kerala border as the politician's anticipatory bail plea awaits judgment, further complicated by a second case involving serious allegations.