TOPICS COVERED

മുൻകൂർ ജാമ്യാപേക്ഷ തള്ളി മൂന്നാം മിനിട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതിയോടെയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തീരുമാനം പ്രഖ്യാപിച്ചത്. എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ് പറഞ്ഞെങ്കിലും ജനപ്രതിനിധിയായി തുടരണോയെന്ന കാര്യത്തിൽ രാഹുലിന് തീരുമാനമെടുക്കാനാകും. നടപടി കോൺഗ്രസിന്റെ അന്തസ് ഉയർത്തിയെന്ന് അവകാശപ്പെട്ട നേതാക്കൾ രാഹുൽ അടഞ്ഞ അധ്യായമെന്ന് വ്യക്തമാക്കി. രാഹുൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞവർഷം ഇതേ ദിവസമാണെന്നും കൗതുകമായി. സത്യമേവജയതേ എന്ന് അതിജീവിത വാട്സാപ്പ് സ്റ്റാറ്റസിട്ടതും ശ്രദ്ധേയമായി

സമയം 2.22- തിരുവനന്തപുരം സെഷൻസ് ജഡ്ജി എസ്.നസീറ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.  സമയം 2.25- കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പ്. താഴെത്തട്ടിൽ വലിയ പ്രവർത്തന പാരമ്പര്യമൊന്നുമില്ലാതെ ടെലിവിഷൻ ചർച്ചകളിലൂടെ കേവലം നാലുവർഷം കൊണ്ട് കോൺഗ്രസിലെ വണ്ടർക്കിഡ്ഡായി ഉയരങ്ങളിലേക്ക് കുതിച്ച രാഹുലിന്റെ പതനവും വളർച്ച പോലെ അതിവേഗത്തിൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷ കുപ്പായം അഴിച്ചുവയ്പ്പിച്ച് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് രണ്ടര മാസം തികയും മുൻപേ രാഹുൽ പുറത്തായി. 

നടപടി വൈകിയില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയെങ്കിലും പാർട്ടിക്ക് നേരിട്ട് പരാതി ലഭിച്ച ചൊവ്വാഴ്ച തന്നെ രാഹുലിനെ പുറത്താക്കണമെന്ന അഭിപ്രായമായിരുന്നു മുതിർന്ന നേതാക്കൾക്ക്. ഹൈക്കമാൻഡും രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. കെ.പി.സി.സി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരുമാണ് മുൻകൂർ ജാമ്യാപേക്ഷ വരെ കാത്തിരിക്കാൻ തീരുമാനിച്ചത്. മുൻകൂർ ജാമ്യം കിട്ടിയാലും പുറത്താക്കണമെന്ന് കെ.സി.വേണുഗോപാൽ ഉൾപ്പെടെ നിലപാട് എടുത്തതോടെ നടപടി ഉറപ്പായിരുന്നു. തുടക്കം മുതൽ കടുത്ത നടപടിക്കായി വാദിച്ച വി.ഡി.സതീശൻ, സി.പി.എമ്മിനെക്കുത്തി പാർട്ടിയിൽ അഭിമാനം എന്ന് പറഞ്ഞു. 

എം.എൽഎ. സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നേതൃത്വം ഉയർത്തിയിട്ടുണ്ടെങ്കിലും നിയമസഭാംഗം എന്ന നിലയിൽ അത് രാഹുലിന് തീരുമാനിക്കാം. എന്നാൽ, ഒരു കാര്യം ഉറപ്പ്. രാഹുൽ ഇനി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ ജനറൽസെക്രട്ടറിയായി വിശ്വസ്തനായി പ്രസ്ഥാനത്തിൽ മേൽവിലാസം ഉറപ്പിച്ച രാഹുലിന്റെ വളർച്ച അസാധാരണമായിരുന്നു.

എ ഗ്രൂപ്പിൽ വിള്ളൽ വരുത്തി യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ പാർട്ടി നേരിട്ടത് വ്യാജ വോട്ടർ തിരിച്ചറിയിൽ കാർഡ് വിവാദമാണ്. ഷാഫി വടകരയിലേക്ക് ചുവടുമാറ്റിയപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏൽപ്പിച്ചത് പോലെ തന്നെ പാലക്കാടിനെയും രാഹുലിന്റെ ഉള്ളംകൈയ്യിൽ വച്ചുകൊടുത്തു. സ്വഭാവദൂഷ്യം ആരോപിച്ച് ഒളിഞ്ഞും തെളിഞ്ഞും പലതവണ പരാതികളെ രാഹുൽ മറികടന്നതും യുവനിരയിലെ താരമൂല്യം വച്ചാണ്. 

ENGLISH SUMMARY:

Rahul Mamkootathil is expelled from Congress following denial of anticipatory bail. KPCC President Sunny Joseph announced his expulsion due to complaints and registered cases, urging his resignation as MLA.