rahul-mamkoottathil-3

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പുതിയ ബലാല്‍സംഗ പരാതിയിൽ അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും. 23കാരിയായ വിദ്യാർഥിനിയാണ്, രാഹുല്‍ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. പരാതി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ പേരോ മേൽവിലാസമോ ഇല്ലാത്തതിനാൽ ആളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇ–മെയിൽ കേന്ദ്രീകരിച്ച് അന്വേഷിച്ച് ആളെ കണ്ടെത്താനാണ് ആലോചന. ഇതിനായി പരാതി ഡിജിപി കീഴ് ഉദ്യോഗസ്ഥർക്ക് കൈമാറും. പെൺകുട്ടി രേഖാമൂലം മൊഴി നൽകാൻ തയ്യാറാണെങ്കിൽ പുതിയൊരു കേസെടുത്ത് അന്വേഷിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.

അതേസമയം,  ലൈംഗികാതിക്രമക്കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പൂര്‍‍ണമായും വസ്തുതയില്ലെന്ന് തെളിയിക്കാന്‍ രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സൈബര്‍ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്. 

ENGLISH SUMMARY:

Police are considering registering a new case against MLA Rahul Mamkootathil following a second sexual assault complaint filed by a 23-year-old student with the KPCC President, alleging rape under the pretext of a marriage promise. Since the complaint lacked the victim's name and address, police plan to trace the person via email and will register a new case only if the victim provides a formal written statement. Meanwhile, Rahul's anticipatory bail plea in the initial case will be heard today by the Thiruvananthapuram Principal Sessions Court. The court is expected to rule on Rahul's request to conduct the hearing in-camera. Rahul's lawyer has submitted extensive evidence, including cyber data, WhatsApp chats, and audio recordings, in two pendrives to counter the victim's claims. The court's decision is crucial amidst the emergence of a second similar complaint.