രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് പോലീസ്. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. 

ഗർഭിണിയാകാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി.  യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചിട്ടാണെന്നും കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവില്‍ തുടരുകയാണ് രാഹുല്‍. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കർണാടകയിലെ വിവിധ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും അന്വേഷണസംഘം പരതുകയാണ്. രാഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടുപേരും രണ്ട് വഴിക്കാണ് ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. രാഹുലിന്റെ ജീവനക്കാരെ കൂടാതെ ഒട്ടേറെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അതിനുമുമ്പ് അറസ്റ്റ് ചെയ്യാനുള്ള ശ്രമവും പുരോഗമിക്കുന്നു. 

നാളെയാണ് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നത്. ജാമ്യം ലഭിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് തെളിയിക്കുന്നതിനാണ് രാഹുലിന്‍റെ ശ്രമം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി, പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല, ഇതിനുള്ള മരുന്ന് തന്‍റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല, തുടങ്ങിയ വാദങ്ങളാണ് രാഹുലിന്‍റേത്. ഇത് തെളിയിക്കുന്നതിനാവശ്യമായ സൈബര്‍ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. 

ENGLISH SUMMARY:

Kerala Police are set to file a strong report opposing MLA Rahul Mamkootathil’s anticipatory bail plea tomorrow, confirming that evidence (including hospital records and phone conversations) proves he compelled the victim to undergo an abortion that endangered her life. The report alleges Rahul pursued a relationship knowing the woman was married, repeatedly raped her without consent, and inflicted physical harm (with photo evidence). Furthermore, the police claim Rahul is systematically destroying evidence and his disappearance (Lookout Notice issued) to Karnataka and other states is part of this plan. The police are intensifying the search for Rahul and his co-accused, Joby Joseph, ahead of the court hearing. Rahul's legal team has already submitted extensive cyber evidence, including WhatsApp chats and audio, to counter the victim's claims.