യുവതിയുടെ ബലാത്സംഗ പരാതിയെ തുടർന്ന് പൊലീസ് തിരയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തമിഴ്‌നാട് അതിർത്തി കടന്ന് കർണാടകയിൽ ഒളിവിൽ പ്രവേശിച്ചതായി സൂചന. തമിഴ്‌നാട്ടിലെ ഹൊസൂറിനടുത്തുള്ള ബഗലൂരിൽ കഴിഞ്ഞിരുന്ന രാഹുൽ, അന്വേഷണസംഘം എത്തുന്നതിന് തൊട്ടുമുൻപ് കർണാടകയിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ, പ്രത്യേക അന്വേഷണ സംഘം (SIT) തമിഴ്‌നാടിന് പുറമെ കർണാടകയിലും തിരച്ചിൽ വ്യാപകമാക്കി.
കേസിൽ നിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണസംഘത്തെ വഴിതെറ്റിക്കാൻ കാറുകൾ മാറിമാറി ഉപയോഗിക്കുകയും ഓരോ സംസ്ഥാനം കടക്കുമ്പോഴും മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാഹുലിന് ഒളിവിൽ കഴിയാൻ ഒന്നിലധികം പേരുടെ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പിച്ചു. ഈ സഹായം രാഷ്ട്രീയ തലത്തിലുള്ളതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത്തരം സാധ്യതകളും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ചതായി കരുതുന്ന ചുവന്ന കാറിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കാർ ഒരു നടിയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എം.എൽ.എയുടെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി ഈ സംശയം ബലപ്പെടുത്തുന്നു. "ഏകദേശം രണ്ടാഴ്ചയോളം ചുവന്ന കാർ ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാൽ, വ്യാഴാഴ്ചയ്ക്ക് ശേഷം കാർ കണ്ടിട്ടില്ല," എന്ന് കെയർടേക്കർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. എം.എൽ.എ ആകെ മൂന്ന് കാറുകൾ ഉപയോഗിച്ചിരുന്നതായും കെയർടേക്കർ വ്യക്തമാക്കിയിട്ടുണ്ട്.
പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ബഗലൂരിലെത്തിയ രാഹുൽ, അവിടെ രണ്ടോ മൂന്നോ ദിവസം ഒളിവിൽ കഴിഞ്ഞുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഇയാൾ ഇവിടെനിന്ന് കടന്നുകളഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുൽ രക്ഷപ്പെട്ടിരുന്നു. ബഗലൂരിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ കർണാടകയിലെത്താം എന്നതിനാൽ അവിടേക്ക് കടന്നതായാണ് പൊലീസ് 95 ശതമാനവും ഉറപ്പിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ രാവിലെ 11 മണിക്ക് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിധി വരുന്നതിന് മുൻപ് രാഹുലിനെ പിടികൂടാനാണ് പൊലീസിൻ്റെ ശ്രമം. എന്നാൽ, വിധി വരും വരെയെങ്കിലും ഒളിവിൽ തുടരാനാണ് രാഹുൽ ശ്രമിക്കുന്നത്. ഇതോടെ, വരും മണിക്കൂറുകളിൽ പൊലീസും എം.എൽ.എയും തമ്മിലുള്ള ഒരു 'കള്ളനും പൊലീസും കളി'ക്ക് കളമൊരുങ്ങിയിരിക്കുകയാണ്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാൻ കേരള പൊലീസ് ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. ശബരിമല വിഷയം ചർച്ചയാകാതിരിക്കാനാണ് സർക്കാർ രാഹുലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.