രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരത്തിൽ. ഇന്നലെ വൈകിട്ട് ആറരയോടെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിയ രാഹുൽ ഈശ്വർ രാത്രിയിൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. നിരാഹാര സമരത്തിൽ ആണെന്ന് ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. കുടിക്കാൻ വെള്ളം വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. തനിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് ആരോപിച്ചാണ് നിരാഹാരം തുടരുന്നത്.
അതിനിടെ കേസിലെ മറ്റു പ്രതികളായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സന്ദീപ് വാര്യർ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയിട്ടുണ്ട്.
രാഹുല്‍ ഈശ്വറിനെതിരെ കള്ളക്കേസെന്ന് ഭാര്യ ദീപ പറഞ്ഞു. അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടാണ് രാഹുലിന്‍റെ കാര്യത്തിലെന്ന് ദീപ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് നോട്ടിസുപോലും നല്‍കാതെയാണെന്നും ജാമ്യം നിഷേധിച്ചതാകാം നിരാഹാരത്തിന് കാരണമെന്നും അതിജീവിത കള്ളം പറയുന്നെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
പൊലീസിന്‍റെ വാദം പച്ചക്കള്ളമെന്ന് പറഞ്ഞ ദീപ അതിജീവിത, ഇരയെന്നൊക്കെ പറയുന്നത് പോലും ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഇര എന്നാണ് പറയുന്നത്, രണ്ട് വ്യക്തികളാണുള്ളത്. രണ്ടുപേരുടെ ഭാഗത്തും ശരിയും തെറ്റും ഉണ്ടാകും. അപ്പോള്‍ ഒരാള്‍ മാത്രം എങ്ങനെ തെറ്റാകും. അതിനെതിരെ സംസാരിച്ച ഒരാള്‍ക്ക് ജാമ്യം പോലും നിഷേധിക്കുന്നതിനുള്ള എതിര്‍പ്പിന്‍റെ ഭാഗമായാണ് നിരാഹാരം കിടക്കുന്നത് എന്നാണ് ദീപ വ്യക്തമാക്കുന്നത്.