കൊച്ചിയെ മൂടി പുകമഞ്ഞ്. രാവിലെ മുതല്‍ കൊച്ചിയുടെ ആകാശത്ത് സൂര്യനെ കാണാനില്ല. വെയില്‍ ഇല്ലെങ്കിലും ഉഷ്ണത്തിന് കുറവില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വായുമലിനീകരണം രൂക്ഷമായതോടെ നഗരത്തെ വിഴുങ്ങിയ പുകമഞ്ഞ് കണ്ടാണ് കൊച്ചിക്കാര്‍ ഉണരുന്നത്. പുലര്‍ച്ചെ മുതല്‍ നഗരത്തെ പൂര്‍ണമായും പുകമഞ്ഞ് മൂടിയ നിലയിലാണ് . ഒരാഴ്ചയായി സമാനമായ സ്ഥിതി തുടരുന്നതോടെ ഡല്‍ഹിയെ പൊലെ കൊച്ചി മാറുമോ എന്ന ആശങ്കയാണ് നഗരവാസികള്‍ക്ക്. കാര്‍മേഘങ്ങളില്ലെങ്കിലും നട്ടുച്ചയ്ക്കും കൊച്ചിക്കാര്‍ക്ക് സൂര്യനെ കാണാന്‍ സാധിച്ചില്ല.
കൊച്ചിയിലെ വായു അനാരോഗ്യകരമായ അവസ്ഥിയിലെന്നാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ മഞ്ഞും നിറഞ്ഞതോടെ കാഴ്ചമറയ്ക്കുന്ന നിലയിലേക്ക് സ്ഥിതി ഗുരുതരമായി. വാഹനങ്ങളിലെ പുകയ്ക്ക് പുറമെ വ്യവസായ മേഖലകളുടെ സാന്നിധ്യവുമാണ് കൊച്ചിയിലെ സ്ഥിതി സങ്കീര്‍ണമാക്കുന്നത്.
പുകമഞ്ഞ് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസ്ക് വച്ച് പുറത്തിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൊച്ചിക്കാര്‍.