TOPICS COVERED

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്‍റെ പ്രധാന വാദങ്ങളിലൊന്ന്.

ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്‍റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും. അതേസമയം നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. തന്‍റെ സ്വകാര്യത മാനിക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം.

ENGLISH SUMMARY:

Rahul Mankootathil is facing serious allegations, including rape and forced abortion, with police claiming to have significant evidence against him. The court is set to consider his anticipatory bail plea amid tight security and strong opposition from the prosecution.