രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ആരോപണം ഗൂഢാലോചനയെന്നു എംഎല്‍എയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാൻ. ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണവും വന്നു. ഒന്നിനെതിരെ പോലും കേസ് ഇല്ല. തന്റെ തിരഞ്ഞെടുപ്പ് ഓഫിസ് പൂട്ടിയിട്ടില്ലെന്നും എല്ലാം മാരക ചതിയെന്നും ഫെന്നി മാധ്യമങ്ങളോടു പറഞ്ഞു.
Also Read: ‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ല, ക്രൂരമായ ഉപദ്രവം; 'തെളിവുകള്‍ ലഭിച്ചു'
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ മറ്റൊരു ബലാല്‍സംഗ പരാതി കൂടി വന്ന പശ്ചാത്തലത്തിലായിരുന്നു ഫെന്നിയുടെ പ്രതികരണം. പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ് കെ.പി.സി.സിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയില്‍ വഴി പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് പരാതി ഡി.ജി.പിക്ക് കൈമാറി. പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയാറായാല്‍ പൊലീസ് രാഹുലിനെതിരെ പുതിയ കേസെടുക്കും.
ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും കേസെടുത്തതോടെ ഒളിവില്‍ നിന്ന് ഒളിവിലേക്ക് മുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍തിരിച്ചടിയാണ് പുതിയ പരാതി. ഇന്ന് ഉച്ചയ്ക്ക് 12.41നാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇമെയിലിലേക്ക് പരാതിയെത്തിയത്. കേരളത്തിന് പുറത്ത് പഠിക്കുന്ന 23 കാരിയെന്ന് പരിചയപ്പെടുത്തിയാണ് പരാതി തുടങ്ങുന്നത്. 2023 സെപ്തംബര്‍ മുതല്‍ രാഹുലിനെ അറിയാം. ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാഹുല്‍ പിന്നീട് ടെലഗ്രാം വഴി പ്രണയ സന്ദേശങ്ങളയച്ച് തുടങ്ങി. വിവാഹം കഴിക്കാന്‍ താല്‍പര്യവും പ്രകടിപ്പിച്ചു. ഇക്കാര്യം വീട്ടിലറിയിച്ചപ്പോള്‍ ആദ്യം എതിര്‍ത്ത വീട്ടുകാര്‍ പിന്നീട് പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി.
അതിനിടെ വിവാഹം ഉള്‍പ്പടെയുള്ള ഭാവികാര്യങ്ങള്‍ സംസാരിക്കാന്‍ നേരിട്ട് കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പഠനസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടില്‍ വരുന്ന ദിവസം രാഹുല്‍ വഴിയില്‍ കാണാനെത്തി. രാഹുലിന്‍റെ സന്തതസഹചാരിയും ഇപ്പോള്‍ അടൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥഥിയുമായ ഫെനി നൈനാനാണ് കാര്‍ ഓടിച്ചത്. വഴിയില്‍ നിന്നാല്‍ നാട്ടുകാര്‍ രാഹുലിനെ തിരിച്ചറിയുമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. അവിടെ മുറിയില്‍ കയറിയുടന്‍ ബലംപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. ശാരീരികമായി ഉപദ്രവിച്ചു. പ്രണയിക്കുന്നവര്‍ തമ്മില്‍ ഇത് നോര്‍മലല്ലേയെന്ന് അന്ന് പറഞ്ഞ രാഹുല്‍ പിന്നീട് ബന്ധത്തില്‍ നിന്ന് അകന്നു. പിന്നീട് വിളിച്ചപ്പോള്‍ വിവാഹജീവിതത്തേക്കുറിച്ച് താന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി കോണ്‍ഗ്രസ് ഇമെയില്‍ സഹിതം ഡി.ജി.പിക്ക് കൈമാറി.
ഇക്കാര്യങ്ങള്‍ നേരത്തെ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നെങ്കിലും കേസ് കൊടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നിലവില്‍ അതിജീവിതക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപം തനിക്ക് വേദനയുണ്ടാക്കി. രാഹുലിനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സണ്ണി ജോസഫിന്‍റെ പ്രതികരണവും കേട്ടതോടെയാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു.