കാസർകോട് കെഎസ്ഇബി അനാസ്ഥയിൽ വയോധികന് ദാരുണാന്ത്യം. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമനാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഒന്നര മാസം മുമ്പ് പൊട്ടിയ ലൈൻ നീക്കാൻ പ്രദേശവാസികൾ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിരുന്നില്ല.
ഇന്ന് ഉച്ചയോടെയാണ് ചെമ്മട്ടംവയൽ ബെല്ലയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശവാസിയായ കുഞ്ഞിരാമനെന്ന വയോധികനാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം. ലൈൻ പൊട്ടിവീണിട്ട് കാലങ്ങളായെന്നും കെഎസ്ഇബി അനാസ്ഥയാണ് അപകടകാരണം എന്നുമാണ് നാട്ടുകാരുടെ ആരോപണം.
പാടത്തിന് നടുവിലുള്ള വൈദ്യുതി ലൈൻ സ്ഥിരമായി പൊട്ടിവീഴുന്നതോടെ മറുഭാഗത്ത് കൂടി പുതിയ ലൈൻ സ്ഥാപിച്ചിരുന്നു. സ്വാഭാവികമായും പഴയ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഉപയോഗശൂന്യമായ ലൈനിൽ വൈദ്യുതി വിച്ഛേദിച്ചു എന്ന ധാരണയിൽ പൊട്ടിവീണെന്ന പരാതി നാട്ടുകാർ നൽകിയപ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥർ ഗൗനിച്ചില്ല. ഈ അനാസ്ഥയാണ് കുഞ്ഞിരാമൻറെ ജീവൻ എടുത്തത്. പൊട്ടി വീണ ലൈനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനിൽ വൈദ്യുതി ഉണ്ടാകില്ലെന്ന് ധാരണയിൽ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ അപകടം ഉണ്ടായെന്നാണ് നിഗമനം.