മുൻകൂർ ജാമ്യാപേക്ഷയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ സൈബർ പൊലീസെടുത്ത കേസിലാണ് സന്ദീപ് വാരിയര്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാരിയര്‍. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം, ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചിൽ തുടർന്ന് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം
തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്ത നിലയിലാണ്. അപ്പാർട്ട് മെന്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്നാന്ന് സംശയം.
രാഹുൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി എന്ന പ്രചരണവും തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. അതേസമയം തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവടങ്ങളിൽ രാഹുലിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.