മണ്ഡലകാലം തുടങ്ങി ആദ്യ പതിനഞ്ച് ദിവസം പിന്നിടുമ്പോൾ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം. 92 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്.അരവണ വിൽപ്പനയിൽ നിന്നാണ് കൂടുതൽ വരുമാനം. അതേസമയം നാളെ മുതൽ കേരള സദ്യ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.
മണ്ഡല മകരവിളക്ക് സീസൺ തുടങ്ങി ആദ്യ 15 ദിവസം പിന്നിടുമ്പോൾ 13 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. ദിനം പ്രതി ശരാശരി ഒരു ലക്ഷത്തിന് അടുത്ത് ഭക്തർ സന്നിധാനത്ത് എത്തുന്നുവെന്നാണ് കണക്ക്. എങ്കിലും പരാതികൾ ഇല്ലാതെ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.
കാര്യമായ പരാതികളില്ലാതെ സീസൺ പുരോഗമിക്കുന്നത് വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതുവരെ ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 69 കോടി രൂപയായിരുന് അരവണ വിൽപ്പനയിൽ നിന്നാണ് വരുമാനത്തിൽ അധികവും. 47 കോടി രൂപ. അപ്പം വിൽപനയിൽ നിന്ന് ലഭിച്ചത് മൂന്നര കോടി രൂപയാണ്. കാണിക്ക വഴി ലഭിച്ച തുകയും വർധിച്ചു..കഴിഞ്ഞ വർഷം ഈ കാലയളവിൽ 22 കോടി രൂപ ലഭിച്ചപ്പോൾ ഇക്കൊല്ലം അത് 26 കോടി രൂപയായി ഉയർന്നു.അതെ സമയം നാളെ മുതൽ അന്നദാനത്തിന് കേരള സദ്യ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയാണ്. മാലിന്യ സംസ്കരണം അടക്കം വെല്ലുവിളിയുമാണ്. ഇത് പഠിക്കുന്നതിന് ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു.കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആകും അന്തിമ തീരുമാനം.