രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഈശ്വറിനെ തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്തെ വീട്ടിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിന്‍റെ ലാപ്ടോപ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം, ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചിൽ തുടർന്ന് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്ന് രക്ഷപ്പെടാനുപയോഗിച്ച ചുവന്നകാര്‍ ഒരു ചലച്ചിത്രതാരത്തിന്‍റേതാണെന്നാണ് സുചന. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചാം ദിവസവും രാഹുൽ എവിടെയന്ന ചോദ്യത്തിനു അന്വേഷണ സംഘത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല. ഇന്നലെ പുലർച്ചെ ജില്ലയിലെത്തിയ അന്വേഷണസംഘം രാഹുലിന്‍റെ ഫ്ളാറ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്. ആരോപണം വന്നതിനു പിന്നാലെ വ്യാഴാഴ്ച രാഹുൽ മുങ്ങിയതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.
കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിൽക്കെയാണ് രാഹുൽ ഒളിവിൽ പോയത്. സിസിടിവി ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്റെ നീക്കം. കണ്ണാടിയിൽ നിന്ന് ഫ്ലാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.