രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കാത്തതിനെതിരെ രാഹുലിന്‍റെ ഭാര്യ ദീപ. വിധി നിരാശാജനകമാണെന്നും സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും വേണ്ടി വന്നാൽ ഹൈക്കോടതിയെയും സമീപിക്കുമെന്നും ദീപ പറഞ്ഞു.
പൊലീസിന്‍റെ വാദം പച്ചക്കള്ളമെന്ന് പറഞ്ഞ ദീപ അതിജീവിത, ഇരയെന്നൊക്കെ പറയുന്നത് പോലും ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വര്‍ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുമെന്നും ദീപ. എല്ലാവരും ഇര എന്നാണ് പറയുന്നത്, രണ്ട് വ്യക്തികളാണുള്ളത്. രണ്ടുപേരുടെ ഭാഗത്തും ശരിയും തെറ്റും ഉണ്ടാകും. അപ്പോള്‍ ഒരാള്‍ മാത്രം എങ്ങനെ തെറ്റാകും. അതിനെതിരെ സംസാരിച്ച ഒരാള്‍ക്ക് ജാമ്യം പോലും നിഷേധിക്കുന്നതിനുള്ള എതിര്‍പ്പിന്‍റെ ഭാഗമായാണ് നിരാഹാരം കിടക്കുന്നത് എന്നാണ് ദീപ വ്യക്തമാക്കുന്നത്.
അതിജീവിതയുടെ വിവരങ്ങളും തൊഴിൽ സ്ഥാപനവും വെളിപ്പെടുത്തുന്ന രീതിയില്‍ വിഡിയോ ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് രാഹുലിനെതിരായ കേസ്. ഇതിന്റെ കൃത്യമായ തെളിവുകൾ രാഹുലിന്റെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഹുലിന്‍റെ വിഡിയോ ജഡ്ജി കണ്ടതിന് ശേഷം ഇതിനെ തെളിവായി എടുത്തുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.