ലൈംഗികാതിക്രമ കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍. പുരുഷന്‍മാര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നതില്‍ സന്തോഷമുണ്ടെന്നാണ് രാഹുല്‍ കുറിച്ചത്.
രാഹുലിനെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധിപേരാണ് കമന്‍റ് ബോക്സില്‍ എത്തിയത്. അരമണിക്കൂറിനുള്ളില്‍ അഞ്ഞൂറോളം പേരാണ് കമന്‍റുമായി എത്തിയത്. രാഹുല്‍ ഈശ്വര്‍ ശബ്ദം ഉയര്‍ത്തുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയല്ല, പുരുഷ സമൂഹത്തിന് േവണ്ടിയാണെന്നാണ് ഒരു കമന്‍റ്. രാഹുൽ ഈശ്വറിന്റെ റിമാൻഡ് നല്ലൊരു സൂചനയാണ് അതിജീവിതക്കെതിരെ നിലകൊള്ളുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് പറയുന്നവരുമുണ്ട്.
അതിജീവിതയുടെ വിവരങ്ങളും തൊഴിൽ സ്ഥാപനവും വെളിപ്പെടുത്തുന്ന രീതിയില്‍ വിഡിയോ ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് രാഹുലിനെതിരായ കേസ്. ഇതിന്റെ കൃത്യമായ തെളിവുകൾ രാഹുലിന്റെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഹുലിന്‍റെ വിഡിയോ ജഡ്ജി കണ്ടതിന് ശേഷം ഇതിനെ തെളിവായി എടുത്തുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.