പി.എം ശ്രീ പദ്ധതിയില്‍നിന്ന് കേരളം പിന്മാറിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്നും തുടര്‍നടപടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുകയാണ് എന്നും ലോക്സഭയില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രേഖാമൂലം ഉത്തരം നല്‍കി. ജഗ്ധീപ് ധന്‍കറിനെ ചൊല്ലി രാജ്യസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ എസ്.ഐ.ആറില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ ലോക്സഭ രണ്ടുതവണ നിര്‍ത്തിവച്ചു.
പി.എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് അനുവദിച്ച തുകയുടെ വിശദാംശങ്ങളും ഒപ്പം സംസ്ഥാനത്തിന് ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാനുള്ള അവകാശമുണ്ടോ എന്നുമാണ് എം.കെ രാഘവന്‍ എം.പി ചോദ്യമുന്നയിച്ചത്. പിന്‍മാറ്റത്തെക്കുറിച്ച് മൗനം പാലിച്ച വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടു എന്നും തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുകയാണ് എന്നും മറുപടി നല്‍കി.
അതേസമയം സമഗ്രവോട്ടകര്‍ പട്ടിക പരിഷ്ക്കരണത്തെച്ചൊല്ലിയുള്ള ബഹളത്തില്‍ ലോക്സഭാ നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തിരഞ്ഞെടുപ്പ് തോല്‍വികളില്‍ നിരാശ പ്രകടിപ്പിക്കാനും നാടകം കളിക്കാനും പ്രതിപക്ഷം പാര്‍ലമെന്‍റിനെ ഉപയോഗിക്കുകയാണെന്ന് സഭ തുടങ്ങും മുന്‍പ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി ചുമതലയേറ്റ സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ രാജ്യസഭയിൽ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്പോരുണ്ടായി. സഭാധ്യക്ഷൻ നിക്ഷ്പക്ഷത പാലിക്കണമെന്നും രാധാകൃഷ്ണൻ്റെ വേരുകൾ കോൺഗ്രസിലാണെന്ന് ഓർക്കണമെന്നുമുള്ള മല്ലികാർജുൻ ഖർഗെയുടെ വാക്കുകളാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ജഗ്ദീപ് ധൻകർ പദവി ഒഴിഞ്ഞത് അസാധാരണമെന്ന പ്രതികരണവും പ്രകോപനമായി.
പാർലമെന്റിന്‍റെ ശക്തി അതിൻ്റെ അന്തസ്സും, അച്ചടക്കവും സഭാധ്യക്ഷൻമാരോടുള്ള ബഹുമാനവുമാണെന്ന് പ്രധാനമന്ത്രിയുടെ മറുപടി. സഭക്കുപുറത്ത് മാധ്യമങ്ങളെക്കണ്ടപ്പോള്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ വിമർശനത്തിന് സഭയിൽ മറുപടി നൽകുമെന്നും ഖർഗെ പറഞ്ഞതോടെ ഭരണപക്ഷ പ്രതിഷേധം ശക്തമായി.