കിടപ്പുരോഗിയായ 70വയസുകാരിയെ ശുശ്രൂഷിക്കാനാണ് 58കാരിയായ ഹോം നഴ്സ് അടൂരിലെ വീട്ടിലെത്തിയത്. അമ്മയുടെ കൂടെ ആരുമുണ്ടായിരുന്നില്ല. നിലവിലെ ഹോംനഴ്സ് മറ്റൊരാവശ്യത്തിനു പോയപ്പോള്‍ താല്‍ക്കാലിക ജോലിക്കായി എത്തിയതാണ്. നവംബര്‍ 16ന് രാത്രിയാണ് മകന്‍ റെനി ജോയ് അടൂരിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഹോം നഴ്സിന്റെ മുറി തള്ളിത്തുറന്ന് ദേഹത്ത് കയറിപ്പിടിച്ചു. 

വസ്ത്രങ്ങള്‍ ബലമായി വലിച്ചുകീറി. കരഞ്ഞുവിളിച്ച് രക്ഷ തേടി ഹോം നഴ്സ് അമ്മയുടെ മുറിയിലേക്ക് ഓടിക്കയറിയെങ്കിലും അമ്മയുടെ കണ്‍മുന്‍പില്‍ നിന്നും സ്ത്രീയെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ തന്നെ റെനി വീട്ടില്‍ നിന്നും തിരിച്ച് എറണാകുളത്തേക്ക് തന്നെ പോയി. 

ഒന്ന് ഒച്ചവയ്ക്കാനോ എഴുന്നേല്‍ക്കാനോ പോലും പറ്റാത്ത രോഗിയെ നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ക്രൂരപീഡനത്തിനിരയായ ശേഷം രണ്ടുദിവസം കഴിഞ്ഞാണ് ഹോം നഴ്സ് വീട് വിട്ടുപോയത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. റെനിയെ എറണാകുളത്തു നിന്നാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോം നഴസ്് മാറി വന്ന വിവരമറിഞ്ഞു തന്നെയാണ് റെനി ജോയ് വീട്ടിലെത്തിയതെന്നാണ് സൂചന. മദ്യലഹരിയിലാണ് റെനി അടൂരിലെ വീട്ടിലെത്തിയതെന്ന് പരാതിക്കാരി പറയുന്നു. റെനിക്കെതിരെ പട്ടികജാതി പീഡനവകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Home nurse abuse in Kerala is a serious issue. A 58-year-old home nurse was brutally assaulted while caring for a bedridden patient in Adoor, highlighting the vulnerability of caregivers and the need for stringent measures to protect them.