sandeep-rahul

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ചിത്രം. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പോസ്റ്റിന് പിന്നാലെയാണ് യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്​തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്​തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്.  

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത്  ശരിയല്ലാത്തതിനാൽ ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തിൽ പഴയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞവർഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്,' എന്നായിരുന്നു പോസ്​റ്റ്. 

എന്നാല്‍ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിന്‍റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി. ഇതോടെ ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഐഡന്‍റിറ്റി വെളിപ്പെട്ടതോടെ ഇരയ്​ക്കെതിരായ സൈബര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്​ട്രീയ നേതാവായ സന്ദീപില്‍ നിന്നും പക്വതയില്ലാത്ത പ്രവര്‍ത്തി പ്രതീക്ഷിച്ചില്ല എന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. ലൈംഗിക പീഡന കേസുകളില്‍ ഇരകളുടെ ഐഡന്‍റിറ്റി വെളിവാക്കരുതെന്ന നിയമമാണ് ഒരു തരത്തില്‍ സന്ദീപ് ലംഘിച്ചതെന്നും വിമര്‍ശകര്‍ പറയുന്നു. തന്‍റെ അക്കൗണ്ടില്‍ ഇരയുടെ ചിത്രമുണ്ടെന്ന് വെളിപ്പെടുത്തിയ ശേഷം ചിത്രം ഡിലീറ്റ് ചെയ്​തത് യഥാര്‍ഥത്തില്‍ ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ തന്നെയായിരുന്നില്ലേ എന്നും ചിലര്‍ ചോദിച്ചു. ഈ വിവരം അറിയാത്തവരെ കൂടി സന്ദീപ് പോസ്റ്റിലൂടെ അറിയിച്ചു എന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. 

ENGLISH SUMMARY:

Rahul Mamkootathil case involves the online circulation of a photo of the woman who filed a complaint against him. The circulation followed a post by Congress leader Sandeep Warrier, raising concerns about victim identity and privacy violations on social media.