സദാ ജാഗരൂകരായൊരു കൺട്രോൾ റൂമും പൊലീസുമാണ് ശബരിമലയിൽ സുരക്ഷയും നിരീക്ഷണവും കാര്യക്ഷമമായി നിർവഹിക്കുന്നത്. സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരെ ചാലക്കയം മുതൽ പാണ്ടിത്താവളം വരെ നിരീക്ഷിക്കാ൯ കൺട്രോൾ റൂം 24 മണിക്കൂറും സജ്ജമാണ്. മരക്കൂട്ടത്ത് അൽപ്പം തിരക്ക് കണ്ടാൽ, ശരംകുത്തിയിൽ അയ്യപ്പന്മാർ കൂട്ടംകൂടുന്നത് കണ്ടാൽ, നടപ്പന്തലിലെ ക്യൂവിനു വേഗത കുറഞ്ഞാൽ, ഉടൻ വരും വയർലസ് സന്ദേശം.
പിന്നാലെ പ്രശ്നം പരിഹരിച്ചതായി മറുപടി സന്ദേശവും. പറയുന്നത് സന്നിധാനത്തെ 24 മണിക്കൂറും നിരീക്ഷിക്കുന്ന കൺട്രോൾ റൂമിനേക്കൂറിച്ചാണ്. കണ്ണിമചിമ്മാതെ ജോലി ചെയ്യുന്ന ജീവനക്കാരെ കുറിച്ചാണ്. പോലീസും ദേവസ്വം ബോർഡും സഹകരിച്ചാണ് 435 ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ 90 ക്യാമറകൾ പോലീസും 345 ക്യാമറകൾ ദേവസ്വം ബോർഡുമാണ് സ്ഥാപിച്ചത്. എല്ലാം പ്രധാന കേന്ദ്രങ്ങളിലും ക്യാമറ കണ്ണുതുറന്നിരിപ്പുണ്ട്.
പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗമാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. ദേവസ്വം ബോർഡുമായി സഹകരിച്ച് വിവരങ്ങൾ പങ്കുവയ്ക്കും. തിരക്ക് നിയന്ത്രിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ നടപടിയെടുക്കാനും ഈ സംവിധാനം സഹായകരമാകുന്നുണ്ടെന്ന് ഭക്തരും സാക്ഷ്യം പറയുന്നു.