രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അശാസ്ത്രീയ ഭ്രൂണഹത്യ സ്ഥിരീകരിച്ച് പൊലീസ്. രാഹുല്‍  നിര്‍ബന്ധിച്ച് കഴിപ്പിച്ചത് ജീവന്‍ പോലും അപകടത്തിലാക്കുന്ന മരുന്നെന്ന് യുവതിയുടെമൊഴി. മാനസികമായും ശാരീരികമായും തകര്‍ന്ന യുവതി ആത്മഹത്യ ശ്രമിച്ച് ഐസിയുവില്‍ ആയിരുന്നതിന്‍റെ മെഡിക്കല്‍ രേഖകള്‍ മനോരമ ന്യൂസിന് . വിവാഹബന്ധം തകര്‍ന്നപ്പോള്‍  ആശ്വസിപ്പിക്കാനായി നിരന്തരം വിളിച്ച് അടുപ്പമുണ്ടാക്കിയെന്നും യുവതി മൊഴി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ പ്രധാന കുറ്റകൃത്യങ്ങളിലൊന്നായ ഭ്രൂണഹത്യ നടന്നത് യുവതിയുടെ  ജീവന്‍ പോലും പന്താടിക്കൊണ്ടായിരുന്നുവെന്ന ‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. രാഹുല്‍ സുഹൃത്തായ ജോബി വഴി എത്തിച്ച് നല്കിയത് രണ്ട് മരുന്നുകള്‍. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകള്‍ യുവതിയെ നി‍ര്‍ബന്ധിച്ച്  കഴിപ്പിച്ചത് ഡോക്ടറുടെ നിര്‍ദ്ദേശമോ സാന്നിധ്യമോ ഇല്ലാതെയാണ്. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഇതേ രൂപത്തില്‍  ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്നാണ്. എന്നാല്‍ യുവതിയുടെ ഗര്‍ഭസ്ഥ ഗര്‍ഭസ്ഥ ശിശു മൂന്നുമാസം വളര്‍ച്ചയെത്തിയിരുന്നു. മരുന്ന് കഴിച്ചതിനേത്തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്‍റെ മെഡിക്കല്‍ രേഖകളും പൊലീസ് ശേഖരിച്ചു.

ട്യൂബല്‍ പ്രഗ്നന്‍സി എങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാന്‍ സാധ്യയുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ ശകാരിച്ചതായി  യുവതിയുടെ  മൊഴിയിലുണ്ട്. ഭ്രൂണഹത്യയ്ക്ക് ശേഷം മാനസികമായി തകർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഐസിയുവിൽ കഴിഞ്ഞതിന്‍റെ ചികില്‍സാ രേഖകളാണിത്.  ലൈംഗിക പീഡന പരാതി  നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന്  കൂടുതല്‍ കുരുക്കാകുന്നതാണ്  യുവതിയുടെ മൊഴിയും തെളിവുകളും.  വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെന്നും സൗഹൃദം പ്രണയമായെന്നും യുവതി.

ഇത് മുതലെടുത്ത്  ക്രൂരമായി ബലാത്സംഗം ചെയ്തെന്നും മൊഴിയിലുണ്ട്. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പറയുന്നു.  മൊഴികളെ സാധൂകരിക്കുന്ന തെളിവുകളും യുവതി കൈമാറി. വിവാഹബന്ധം നിലനിൽക്കെ  ബന്ധം സ്ഥാപിച്ചെന്നും ഭര്‍ത്താവിന്‍റേതാണ് ഗര്‍ഭസ്ഥ ശിശുവെന്നുമുളള  രാഹുലിന്‍റെ  ആരോപണം പൊളിക്കുന്നതാണ് യുവതി ഹാജരാക്കുന്ന തെളിവുകള്‍. 

ENGLISH SUMMARY:

Police have confirmed the allegation of an unlawful abortion in the complaint against Rahul Mamkoottil. According to the woman’s statement, Rahul allegedly forced her to take medicines that could endanger her life. Medical records accessed by Manorama News show that the woman, who was mentally and physically shattered, attempted suicide and was admitted to the ICU. She stated that after her marriage collapsed, Rahul repeatedly contacted her to console her and gradually developed intimacy.