പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍.  നിസ്സാരമായ പരുക്കാണെന്നും  ഭരണച്ചുമതലകൾ നിർവഹിച്ചുവരുന്നുണ്ടെന്നും ഇറാനിയൻ ഉദ്യോഗസ്ഥൻ  പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് അദ്ദേഹത്തിന് പരുക്കേറ്റതെന്നോ, പുതിയ നേതാവായി ചുമതലയേറ്റ ശേഷം എന്തുകൊണ്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യാത്തതെന്നോ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയില്ല.

അതേസമയം, ഗള്‍ഫില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണ ശ്രമം തകര്‍ത്തു. ദുബായ് വിമാനത്താവളത്തിനുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ യുഎസ് തകര്‍ത്തു.

സൗദി  റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. ഖത്തറിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ നീക്കം തകര്‍ത്തു. യുഎഇയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ഇറാനിലെ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി. ടെഹ്റാനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാന്റെ ഇന്ധനസംഭരണശാലകള്‍ ലക്ഷ്യമിട്ടുള്ള  ഇസ്രയേല്‍ ആക്രമണത്തില്‍ യുഎസ് അതൃപ്തി പ്രകടിപ്പിച്ചെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിലെ ടെല്‍ അവീവ്, വെസ്റ്റ് ജറുസലേം, ഹൈഫ എന്നിവിടങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി.  

ഇസ്രയേല്‍ ആക്രമണത്തില്‍‍ ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് കേടുപാടുണ്ടായി. റഷ്യ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ലബനനില്‍ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്.  അതിനിടെ ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കുന്ന16 ഇറാനിയൻ കപ്പലുകൾ തകര്‍ത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. കടലിടുക്കിൽ ഇറാൻ സ്ഥാപിക്കുന്ന മൈനുകൾ ഉടനടി നീക്കം ചെയ്യണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. 

ഹോര്‍മുസ് കടലിടുക്കുവഴി എണ്ണക്കപ്പലിന് അകമ്പടി പോയെന്ന യുഎസ് ഊര്‍ജസെക്രട്ടറിയുടെ അവകാശവാദം വൈറ്റ് ഹൗസ് തള്ളി. ഊര്‍ജസെക്രട്ടറി ക്രിസ് റൈറ്റ് എക്സില്‍ പോസ്റ്റ് ചെയ്തെങ്കിലും ഉടന്‍ പിന്‍വലിച്ചു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഫോണില്‍ സംസാരിച്ചു. ഈദിന് മുന്നോടിയായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം.

ENGLISH SUMMARY:

Iran has confirmed that newly appointed Supreme Leader Mojtaba Khamenei sustained minor injuries but continues to perform his official duties. Authorities did not reveal how the injury occurred or why he has not addressed the public since assuming leadership. Meanwhile, tensions in the Gulf region continue to escalate as multiple missile and drone attacks linked to Iran were intercepted across Saudi Arabia, Qatar, the UAE, Kuwait, and Bahrain. A drone strike near Dubai Airport injured four people, including an Indian national. The United States military also announced that it destroyed 16 Iranian vessels attempting to lay mines in the strategic Strait of Hormuz. Amid the escalating conflict involving Iran, Israel, and regional powers, Gulf nations are pushing for a temporary ceasefire ahead of Eid and diplomatic talks to end the crisis.