നാവികസേന ദിനാഘോഷങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങി തിരുവനന്തപുരം ശംഖുമുഖം ബീച്ച്. ഡിസംബര്‍ 3ന് നടക്കുന്ന നാവിക ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളുടെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ ഇന്നലെ നടന്നു. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളും ഫൈറ്റര്‍ ജറ്റുകളും കോംമ്പാറ്റ് ഹെലികോപ്ടറുകളുമെല്ലാം ചേര്‍ന്ന് റിഹേഴ്സല്‍ തന്നെ കളറാക്കി.
ആകാശത്ത് ഫൈറ്റര്‍ ജറ്റുകളുടെ ഇരമ്പല്‍, ഹെലികോപ്ടറുകളുടെ മുഴക്കം, കടലില്‍ ഇളകിമറിയുന്ന തിരമാലകളെ കീറി മുറിച്ച് യുദ്ധക്കപ്പലുകളുടെ രാജകീയ പ്രവേശം, ശംഖുമുഖം ബീച്ച്, യുദ്ധമുഖത്ത് അകപ്പെട്ട തുറമുഖം നഗരം പോലെയായിരുന്നു.
ഇന്ത്യയുടെ കടല്‍ കരുത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളാണ് റിഹേഴ്സലിലെ മുഖ്യ ആകര്‍ഷണം. ചീറിപ്പാഞ്ഞെത്തിയ ഫൈറ്റര്‍ ജെറ്റുകളും, സീ ഹോക്ക്, ചേതക് ഹെലികോപ്ടറുകളും, മുങ്ങിക്കപ്പലും, ഫാസ്റ്റ് ഇന്‍റര്‍സെപ്റ്റ് ബോട്ടുകളുമെല്ലാം ചേര്‍ന്ന് കടലും ആകാശവും നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ നാവിക സേനയുടെ ആയുധ, സാങ്കേതികക്കരുത്തിന്‍റെ വിളംബരമായി അത് മാറി.
ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റില്‍ നിന്നും പാരച്യൂട്ടില്‍ പറന്നിറങ്ങിയ അഭ്യാസികളും വിസ്മയക്കാഴ്ചയായി. ഒടുവില്‍ ഐ.എന്‍.എസ് തരംഗിണിയില്‍ നിന്നും ത്രിവര്‍ണ നിറം പ്രകാശിച്ചതോടെ ഡ്രസ് റിഹേഴ്സല്‍ പൂര്‍ണം.