തന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ട ആള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്‍റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്കരന്‍ മറുപടി നല്‍കിയത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്കരന് നേരിടേണ്ടി വന്നിട്ടുണ്ട്.

ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലാത്തവരോട് പോയിവരാമെന്നും പെര്‍വെര്‍ട്ടുകളെ അനുകൂലിച്ച് ഇവിടെ തന്നെ കാണണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹണി യാത്രയുടെ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചത്. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം: 'സൈബർ ഗുണ്ടകളുടെ ഭാഷയിൽ പറഞ്ഞാൽ ഗൾഫിലെ കാക്കാ മുതലാളിമാർ തന്ന കാശ്, അന്തംകമ്മിയായി പണിയെടുക്കുന്നതിന്‍റെ കാശ്, കൂലി എഴുത്തിന് കിട്ടിയ കാശ്, വിമതര്‍ തന്ന കാശ്.... അങ്ങനെ ബാഗ് നിറയെ കാശും നിറച്ച് ലോകം ചുറ്റാൻ ഇറങ്ങിയ അമ്മച്ചി...! നയിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത വേട്ടാവളിയന്മാരെ... പോയ്‌ വരാം കെട്ടാ... പെർവേർറ്റുകളെയും അനുകൂലിച്ചു ഇവിടൊക്കെ തന്നെ കാണണേ.... വോക്കെ... ബൈ' ഹണി ഫേസ്ബുക്കില്‍ കുറിച്ചു.

ഹണിയുടെ ഈ പോസ്റ്റിന് താഴെയാണ് പ്രവാസി മലയാളി മോശം കമന്‍റുമായെത്തിയത്. 'അറബികള്‍ നല്ല ദിര്‍ഹം തരും, ശരീരം സൂക്ഷിക്കണേ' എന്നായിരുന്നു കമന്‍റ്. അധികം വൈകാതെ തന്നെ കമന്‍റിട്ടയാള്‍ക്ക് കനത്ത ഭാഷയില്‍ ഹണി ഭാസ്കരന്‍ മറുപടിയും നല്‍കി.  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ ലൈംഗികാരോപണ പരാതിയും തെളിവുകളും നിലനില്‍ക്കുമ്പോഴും പിന്തുണയ്ക്കുന്ന സമൂഹത്തെ പരോക്ഷമായി വിമര്‍ശിക്കുന്നത് കൂടിയായിരുന്നു ഹണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവനടി പരാതി തുറന്ന് പറഞ്ഞപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഹണിയും വെളിപ്പെടുത്തിയിരുന്നു.  രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നായിരുന്നു ഹണിയുടെ വെളിപ്പെടുത്തല്‍. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്കരന്‍ ആരോപിച്ചിരുന്നു. ഹണിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...'യാത്രയെ കുറിച്ച് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാല്‍, അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് എന്നെ  പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലകരമല്ലേ' യെന്നും ഹണി തുറന്നടിച്ചിരുന്നു. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.  

ENGLISH SUMMARY:

Honey Bhaskaran faced cyber attacks after a Facebook post. The writer responded strongly to abusive comments and allegations related to Rahul Mamkootathil.