രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് രാഹുലെന്നാണ് മുഖപ്രസംഗം പറയുന്നത്. കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന സിപിഎം, കോൺഗ്രസിന്‍റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നതുപോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ സിപിഎം സദാചാര പ്രസംഗം നടത്തുന്നതെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് എതിരാളികൾക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിലെന്നും വീക്ഷണം ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി സിപിഎം രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്‌ത ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1996 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവിനെ ലക്ഷ്യവെച്ച് സൂര്യനെല്ലി പീഡന കേസ് ഉയർത്തിയതും 2006 ലെയും 2011 ലെയും തിരഞ്ഞെടുപ്പിൽ ഐസ്ക്രീം പാർലർ കേസ് മുസ്‌ലിം ലീഗിന്‍റെ ഉന്നത നേതാവിനെതിരെ കൊണ്ടുവന്നതും ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഉദാഹരങ്ങളാണെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മുഖപ്രസംഗം പറയുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റം. മാത്രമല്ല, രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. മറ്റ് പാർട്ടികൾക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്നും വീക്ഷണം വിമർശിക്കുന്നു.
അതേസമയം പാർട്ടി പത്രം മുഖപ്രസംഗം എഴുതിയത് സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും ഇരട്ടത്താപ്പ് തുറന്ന് കാട്ടാനാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. തെറ്റുകാരനല്ലെന്ന് തെളിയും വരെ രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കില്ല. കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്നവരുടെ തനിനിറം പുറത്ത് കാട്ടും. രാഹുലിൻ്റെ കാര്യത്തിൽ വിഡി സതീശനും, ഞാനും പറയുന്നത് ഒന്ന് തന്നെയാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു