രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരി കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തെറ്റെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യുവതിയുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് തനിക്കറിയാവുന്നതാണെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കില്‍ കുറിച്ചു.
പരാതിക്കാരിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തതാണെന്നും അറിയാവുന്ന സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം വേട്ടയാടും എന്നുള്ളതുകൊണ്ടാണ് താൻ തുറന്നു പറയുന്നതെന്നും സന്ദീപ് കുറിച്ചു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് തന്‍റെ നിലപാടെന്നും സത്യം വിജയിക്കട്ടെ എന്നും സന്ദീപ് പോസ്റ്റിൽ പറയുന്നു.
നേരത്തെ രാഹുൽ ഈശ്വർ തന്‍റെ പോസ്റ്റിലൂടെ, സന്ദീപ് വാര്യർ യുവതിയുടെ വിവാഹത്തിൽ പങ്കെടുത്തതാണെന്നും അറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായി രാഹുൽ ഈശ്വറിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് സന്ദീപിന്റെ പോസ്റ്റ്.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്
'പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ, പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ....'