ശബരിമലയിൽ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നീടുമ്പോഴും ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ ദർശനം നടത്തി മലയിറങ്ങി. ഈ സീസണിൽ ഇതുവരെ കാനന പാതയിലൂടെ എത്തിയവരുടെ എണ്ണം പതിനയ്യായിരത്തിലധികമാണ്.
പതിവ് പോലെ ഗരണവിളികളാൽ മുഖരിതമായിരുന്നു സന്നിധാനം. പുലർച്ചെ മുതൽ മരക്കൂട്ടം വരെ ഭക്തരുടെ വരി നീണ്ടുവെങ്കിലും ക്രമീകരണങ്ങളുടെ ഭാഗമായി അധിക സമയം ഭക്തർക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. ഉച്ചവരെ അരലക്ഷം ഭക്തർ ദർശന സാഫല്യം നേടി മലയിറങ്ങി.
തിരക്ക് കണക്കിലെടുത്ത് ഇന്നും സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചായി തിരിച്ചാണ് തീർത്ഥടകരെ കടത്തി വിടുന്നത്. കാനന പാത വഴി വരുന്ന ഭക്തർ പൊലീസിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ആദ്യ ദിവസങ്ങളിൽ പെയ്ത മഴ ചെറുതായെങ്കിലും വീണ്ടും കളം പിടിച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറി വരുന്ന ഭക്തരുടെ കണക്കിലും വർധനയുണ്ടായി . മിനിറ്റിൽ ശരാശരി 65 മുതൽ 70 വരെ ഭക്തരെ പതിനെട്ടും പടിയിലൂടെ കയറ്റിവിടാൻ പൊലീസിന് സാധിക്കുന്നുണ്ട്.