munambam-land-protest-split

മുനമ്പത്തെ ഭൂസമരം തൽക്കാലികമായി അവസാനിപ്പിക്കുന്നതിൽ സമര സമിതിയിൽ ഭിന്നത. നാളെ ഭൂസംരക്ഷണ സമിതി സമരം അവസാനിക്കുമ്പോൾ ഒരു വിഭാഗം സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. വഖഫ് പരിധിയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരുമെന്നാണ് വിമത പക്ഷത്തിന്റെ പ്രഖ്യാപനം. സർക്കാരിൻറെ ഉറപ്പ് വിശ്വസിച്ചാണ് സമരം നിർത്തുന്നതെന്ന് മുനമ്പം വെള്ളാങ്കണ്ണി പള്ളി സഹവികാരി മോൻസി വർഗീസ് വ്യക്തമാക്കി. 

സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ചിലരുടെ മാത്രം അജണ്ടയാണെന്ന്  ഒരു വിഭാഗം ആരോപിച്ചു. 610 കുടുംബങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്നും, നിരവധി ആൾക്കാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും പ്രഖ്യാപിച്ചു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുതിയ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും ഇവർ വ്യക്തമാക്കി.

സമരം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള വലിയ ചതിയാണ്. നിലവിൽ കോടതി ഉത്തരവിലൂടെ കരമടക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോക്കുവരവ് (ക്രയവിക്രയ സ്വാതന്ത്ര്യം) ലഭിച്ചിട്ടില്ല. "ഭൂമി വിറ്റാലല്ലേ പോക്കുവരവിന്റെ ആവശ്യമുള്ളൂ? ഇവിടെ ക്രയവിക്രയ സ്വാതന്ത്ര്യമില്ല. ആകെ കരമടക്കാനുള്ള കാര്യം മാത്രം സർക്കാർ തന്നിട്ടുള്ളൂ," സമരക്കാരില്‍ ഒരു വിഭാഗം  പ്രതികരിച്ചു. ക്രയവിക്രയ അവകാശം ലഭിക്കുംവരെ പിന്നോട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

കൂടാതെ, ഭൂസംരക്ഷണ സമിതിയുടെ മുൻ കൺവീനർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്. കൺവീനർ ഒരു വധശ്രമക്കേസിലെ പ്രതിയാണെന്നും, സമരത്തെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. കൺവീനർ സ്ഥാനാർത്ഥിയായി വന്നതോടെയാണ് സമിതിയിൽ നിന്ന് മാറിനിന്നതെന്നും, ഇന്ന് ഭൂസംരക്ഷണ സമിതി ചെയ്തിരിക്കുന്നത് ഒരു വലിയ ചതിയാണെന്നും വിമത വിഭാഗം നേതാക്കൾ തുറന്നടിച്ചു.

സമരം അവസാനിപ്പിക്കാനുള്ള ഭൂസംരക്ഷണ സമിതിയുടെ തീരുമാനത്തിനെതിരെ വൈദികരടക്കം നിരവധി പേർ പിന്തുണ അറിയിച്ചതായും വിമത വിഭാഗം അറിയിച്ചു. 610 കുടുംബങ്ങളുടെ കാര്യങ്ങൾ ശരിയാകാതെ എങ്ങനെയാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന ചോദ്യമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

നിലവിലെ ഭൂസംരക്ഷണ സമിതിയിലെ അഞ്ചു പേർ ചേർന്നാണ് 610 കുടുംബങ്ങളുടെ കാര്യം തീരുമാനിക്കുന്നതെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. തങ്ങളുടെ വീടിന്റെ കാര്യം തീരുമാനിക്കാൻ ഇവർക്ക് അവകാശമില്ലെന്നും, നാളെ ഉച്ചയ്ക്ക് 2 മണിക്ക് തങ്ങൾ വീണ്ടും സമരം ആരംഭിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.

ENGLISH SUMMARY:

Munambam land protest faces a split as a faction vows to continue the fight. Despite the Land Protection Committee ending the protest, a splinter group declares they will persist until land is removed from Waqf boundaries and full ownership rights are granted.