ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ 10 ലക്ഷം  തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി മടങ്ങി. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കണക്കിലെടുത്ത് സ്പോട് ബുക്കിങ് 5000 എന്നതിൽ നിന്ന് വർധിപ്പിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു. കാനന പാത വഴി വരുന്ന ഭക്തർക്ക് വേണ്ടി 5000 ത്തിന് പുറമേ 500 സ്പോട് ബുക്കിങ് കൂടി അനുവദിച്ചിട്ടുണ്ട്. വേർച്വൽ ക്യു വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും നിർദേശമുണ്ട്. 

സന്നിധാനത്തേക്ക് അനധികൃത പാത വഴി ഭക്തർ വരുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന ഇടപെടലുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വെർച്ച്വൽ ക്യൂ പാസിലെ ദിവസം, സമയം എന്നിവയും കൃത്യമായിരിക്കണം, ദിവസം തെറ്റിച്ച് വരുന്നവരെ പമ്പയിൽ നിന്നും കടത്തി വിടരുത്. 

വ്യാജ പാസുമായി വരുന്നവരെയും സന്നിധാനത്തേക്ക് പോകാൻ അനുവദിക്കരുതെന്നും ദേവസ്വം ബോർഡിനും പൊലീസിനും കോടതി മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടാകുന്ന അപകടങ്ങൾ. അതനുവദിക്കാനാകില്ലെന്നും, തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ENGLISH SUMMARY:

Sabarimala pilgrimage is experiencing a large influx of devotees, leading to strict measures. The High Court has issued orders to regulate the crowd and prevent accidents during the Mandala season.