രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് സ്ഥലത്തുവച്ചാണ് യുവതിയെ രാഹുല്‍ പീഡിപ്പിച്ചതെന്നും യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. പാലക്കാട്ടെത്തിച്ചും പീഡിപ്പിച്ചുവെന്നും ഫോണിലൂടെ തന്നെ പറഞ്ഞുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
തന്നെ ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിച്ചതെന്നും രാഹുലിന്‍റെ സുഹൃത്ത് ജോബിയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക എത്തിച്ചെതന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുട്ടിയുണ്ടാകുന്നത് തന്‍റെ രാഷ്ട്രീയ ഭാവിക്ക് ദോഷമാണെന്നും ഗുളിക കഴിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നും രാഹുല്‍ ഭീഷണി മുഴക്കിയെന്നും വിവരമുണ്ട്.
അതിനിടെ രാഹുലിനെതിരെ ഉച്ചയോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും.കേസില്‍ പൊലീസിന് വ്യക്തതയില്ലെന്നും എഫ്ഐആര്‍ താന്‍ പഠിച്ചുവെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായിട്ടില്ലെന്നും എവിടെയാണ് ഫയല്‍ ചെയ്യേണ്ടതെന്ന് ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂരിലെ വീട്ടില്‍ രാഹുലില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പരാതിക്കാരിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തിയേക്കും. ഇതിനായി നെയ്യാറ്റിന്‍കര കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. രഹസ്യമൊഴി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. ജാമ്യമില്ലാക്കുറ്റമാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബലാല്‍സംഗം, അശാസ്ത്രീയ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, ഐടി വകുപ്പ് എന്നിവയാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം രാഹുലിന് ശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമോപദേശം.