New Delhi 2023 November 20 : Rahul Mamkootathil , Youth Congress Kerala State Prasident @ Rahul R Pattom
ലൈംഗിക പീഡന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റിലേക്ക് കടക്കുന്നതിന് മുന്‍പ് തെളിവുകള്‍ സമാഹരിച്ച് പൊലീസ്. അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികളിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി രാഹുലിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് നിലവില്‍ പൊലീസ്.
രണ്ടു തരത്തിലാണ് പൊലീസ് നിലവിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. തെളിവുകൾ ഉറപ്പിക്കുകയാണ് ഇതിൽ ആദ്യ ഘട്ടം. ഇതിന്‍റെ ഭാഗമായി ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകി. ഗർഭച്ഛിദ്രം നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും. ഈ രണ്ടു നടപടിക്രമങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് കണ്ടെത്തുക എന്നതാണ് അടുത്ത ദൗത്യം. രാഹുലിനെ പിടിക്കാൻ നിലവിൽ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടിട്ടില്ലെന്നാണ് വിവരം. പക്ഷേ രാഹുലിനെ കൃത്യമായി പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ട്. കേരളം വിടാതിരിക്കാനും വിമാന മാർഗം രക്ഷപ്പെടാതിരിക്കാനും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. വിമാനത്താവള അധികൃതര്‍ക്ക് രാഹുലിന്‍റെ വിവരം നൽകും. ആദ്യഘട്ടമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനിൽ വിളിച്ച് ഈ കാര്യം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക കത്ത് ഉച്ചയോടുകൂടി കൈമാറും.
മുൻകൂർ ജാമ്യത്തിന് രാഹുൽ അപേക്ഷ നൽക്കുകയാണെങ്കിൽ ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ചാലും രാഹുൽ ജാമ്യത്തിലൂടെ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ രാഹുലിന് ഹീറോ പരിവേഷം ലഭിക്കുന്നത് ഒഴിവാക്കാനുള്ള മുൻകരുതലാണ് പൊലീസെടുക്കുന്നത്. എല്ലാ നിയമ വശങ്ങളും പരിശോധിച്ച് ഉറപ്പിച്ച് കൃത്യമായ കുരുക്ക് തയ്യാറാക്കി മാത്രം രാഹുലിലേക്ക് നീങ്ങുക എന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്.