കാഴ്ചപരിമിതിയുള്ള അമ്മ ജെയ്സമ്മ മാത്യവും പത്തു വയസുകാരി മകളും വഴിയരികില്‍ ലോട്ടറി വിറ്റായിരുന്നു ഉപജീവനം. ഭര്‍ത്താവ് ഉപേക്ഷിച്ചതാണ് ജെയ്സമ്മയെ. ഇടിഞ്ഞു വീഴാറായ വീട്ടിലായിരുന്നു താമസം. മനോരമ ന്യൂസ് ലേഖകന്‍ സാന്‍ജോ ബേബി വാര്‍ത്താ ചിത്രീകരണത്തിന് പോകുമ്പോഴാണ് അമ്മയേയും മകളേയും വഴിയരികില്‍ കാണുന്നത്. ഇവരുടെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ആവശ്യം ഒരു വീടാണെന്ന് പറഞ്ഞു. അങ്ങനെ, അമ്മയുടേയും മകളുടേയും നിസഹായവസ്ഥ സാന്‍ജോ വാര്‍ത്തയാക്കി. മലയാള മനോരമ പത്രത്തിലും ഇവരുടെ ദുരിതകഥ വന്നു. മനോരമ വാര്‍ത്തകള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി കണ്ടു. അങ്ങനെ, വീടു പണിയാന്‍ തീരുമാനിച്ചു. അഞ്ചു സെന്‍റ് ഭൂമി ഇവര്‍ക്കുണ്ടായിരുന്നു. ഇരുപത്തിയഞ്ചു ലക്ഷം രൂപ മുടക്കി ആയിരം സ്ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തൃതിയില്‍ വീടു നിര്‍മിച്ചു നല്‍കി. വീട്ടിലേയ്ക്കു വേണ്ട സകല സാമഗ്രികളും യൂസഫലി നല്‍കി. ഫ്രിജ്, ടി.വി, കട്ടില്‍, അടുക്കള ഉപകരണങ്ങള്‍ അങ്ങനെ സകലതും. ലുലു ഗ്രൂപ്പ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഫഹാസ് അഷ്റഫാണ് താക്കോല്‍ കൈമാറിയത്. ഇനി, ജെയ്സമ്മയ്ക്കും മകള്‍ക്കും സ്വസ്ഥമായി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം.