കോഴിക്കോട് നിന്നുളള ഒരു നന്മ നിറഞ്ഞ കഥയിലേക്കാണ് ആദ്യം തന്നെ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്.കോഴിക്കോട്ടെ ഓട്ടോക്കാരുടെ ഒരുപാട് നന്മ നിറഞ്ഞ കഥകളൊക്കെ മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്..ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി.. ബിജു മുഖദാര്‍.
എല്ലാ ദിവസവും ബിജു ഓട്ടോ ഓടിക്കുന്നത് പോലെയല്ല ഞായറാഴ്ച. കാരണം വിശ്രമമില്ലാതെയുളള ഈ ഞായറാഴ്ച ഓട്ടം കാന്‍സര്‍, ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ്..ഒന്നര വര്‍ഷമായുളള ബിജുവിന്റെ കാരുണ്യയാത്ര കാണാം...
എട്ടുവര്‍ഷമായി നഗരത്തിലെ ഓട്ടോ ഡ്രൈവറായ ബിജുവിന്‍റെ ഈ കാരുണ്യയാത്ര നിര്‍ധനരായ രോഗികളുടെ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ ഓട്ടമാണ്. ഒന്നരവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജിലേക്കുള്ള രോഗിയുമായുള്ള യാത്രയാണ് ബിജുവിനെ കൊണ്ട് മാറിചിന്തിപ്പിച്ചത്. പിന്നീട് ഒരോകുഞ്ഞുയാത്രയും വലിയമാറ്റങ്ങളുടേതാണെന്ന് ബിജു തെളിയിച്ചു. എല്ലാ ഞായറാഴ്ചയും കാരുണ്യയാത്രയില്‍ നിന്ന് ലഭിക്കുന്ന പണം മെഡിക്കല്‍ കോളജിലെ സിഎച്ച് സെന്‍ററിലെ കാന്‍സര്‍ രോഗികള്‍ക്കും മറ്റുമായി കൈമാറും
കാരുണ്യയാത്രയില്‍ നിന്ന് ഇതുവരെ ലഭിച്ചത് ഒന്നരലക്ഷത്തോളം രൂപയാണ്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച തുക കൈമാറും. പുലര്‍ച്ചേ തുടങ്ങുന്ന ഓട്ടം അര്‍ധരാത്രിയോടെയാണ് അവസാനിക്കുക. കാരുണ്യയാത്രയായതിനാല്‍ യാത്രക്കാരും നല്ല സഹകരണമാണ് ആരോഗ്യമുണ്ടെങ്കില്‍ ഏത് ആപത്തിലും അധ്വാനിച്ച് ജീവിക്കാമെന്നാണ് ബിജുവിന്‍റെ തിയറി. അതുതന്നെയാണ് കാരുണ്യയാത്രയിലേക്ക് വഴിവെച്ചതും.