അധ്വാനിച്ചുണ്ടാക്കിയത് കൈമോശം വരുമ്പോള്‍ ആധിയും വേദനയുമുണ്ടാവുക സ്വാഭാവികം. ഇനി കൈവിട്ടുപോയത് കിട്ടുന്നത് തട്ടിപ്പും വെട്ടിപ്പും പതിവായവരുടെ കയ്യിലാണെങ്കില്‍ തിരിച്ചു കിട്ടുമെന്നൊരു പ്രതീക്ഷയും വേണ്ട. കാലം ഇങ്ങനെയൊക്കെയാണെങ്കിലും പ്രതീക്ഷ അപ്പാടെ ഇല്ലാതായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പറവൂര്‍ ആലങ്ങാട് സ്റ്റേഷനിലെ എ.എസ്.ഐ ജെനീഷ് ചേരാമ്പിള്ളി തന്‍റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്
പതിവുപോലെ സ്റ്റേഷനിലേക്ക് വന്ന ഒരു കോളില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്. ഒരു ചെക്ക് ബുക്കും രണ്ടോ മൂന്നോ ഗോൾഡ് ഓർണമെന്റ്സും അതിലുണ്ട്. അടിയന്തിരമായി ഒരിടം വരെ പോവുകയാണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കോളാം. ആരെങ്കിലും പേഴ്സ് തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തുമെന്ന് അറിയിക്കണം എന്നുമായിരുന്നു മറുതലയ്ക്കലുണ്ടായിരുന്ന ജോൺ മാത്യു മുക്കം പറഞ്ഞത്.
അല്‍പ്പനേരത്തിനകം രണ്ട് ദമ്പതികള്‍ പേഴ്സ് നഷ്ടപ്പെന്ന് പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തി. അവരെ ഈ ഫോണ്‍കോളിന്‍റെ വിവരം അറിയിക്കുകയും ചെയ്തു. ശ്വാസം തിരികെ ലഭിച്ച ദമ്പതികളെ തേടി ജോണ്‍ എത്തി. പേഴ്സിലുണ്ടായിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ചെക്ക് ബുക്കും സ്വർണ്ണം ഉൾപ്പെടെ പേഴ്സും കൈമാറി എന്നാണ് ജെനീഷ് തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. മൂവരുടെയും ചിത്രവും ജെനീഷ് പങ്കുവെച്ചിട്ടുണ്ട്.
'തട്ടിപ്പ് നടത്തി പണം തട്ടിച്ച ഒട്ടേറെ പരാതികൾ ദിവസവും സ്റ്റേഷനിൽ വരുന്നത് കാണാറുള്ള ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആരുടെയോ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം നാലര ലക്ഷം രൂപ വരുന്ന ആ മുതൽ അതിന്‍റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് തന്നെ കിട്ടാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് ഒരു സല്യൂട്ട് നൽകി ആ പേഴ്സ് കൈമാറിയപ്പോൾ ഞാനും സാക്ഷിയായി'.
വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതില്‍ യഥാർത്ഥ ഉടമയുടെ കണ്ണുനീർ പറ്റിയിട്ടുണ്ടാകും . ഇത്തരത്തില്‍ ചിന്തിക്കുന്ന സമൂഹത്തിന് ഒരു മാതൃകയാണ ആ വ്യക്തി വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.