കോളേജ് ബസിന്റെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. .ചങ്ങനാശേരി വെളിയിൽ കട്ടച്ചിറ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.
ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിന്റെ ബസിലെ ടർബൈൻ തകരാറിലായത് നന്നാക്കാനായി ചങ്ങനാശേരിയിലെ വർക്ക്ഷോപ്പിൽ നിന്നാണ് കുഞ്ഞുമോൻ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കോളജിൽ എത്തിയത്. പണി ചെയ്യുന്നതിനിടെ ഗിയർബോക്സ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കുഞ്ഞുമോൻ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ടോർച്ച് കത്തിച്ച് പണി നടക്കുന്നതിന് സമീപം നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോനെ രക്ഷിക്കാനായില്ല.
ആ സമയം ഡ്രൈവർ പേരിശ്ശേരി സ്വദേശി സജീന്ദ്രൻ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇയാൾ പുറത്തുചാടിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. ബസിൽ നിന്ന് തെറിച്ചുവീണ ലോഹക്കഷണം സമീപത്തുകിടന്ന കാറിന്റെ സൈഡ് ഗ്ലാസും മുകൾഭാഗവും തകർത്തു.