ആനന്ദ് കെ.തമ്പി
സ്ഥാനാർത്ഥിയാക്കിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആനന്ദ് കെ.തമ്പിയുടെ ഫോണിന്റെ ഫൊറൻസിക് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തു. അല്ലെങ്കിൽ അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പിൽ തന്നെ അന്വേഷണം അവസാനിപ്പിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡിലെ നിലവിലെ ബിജെപി സ്ഥാനാർത്ഥിയായ എം.വി വിനോദ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ആനന്ദ് കെ.തമ്പിയെ സ്ഥാനാർത്ഥിയാക്കണം എന്ന നിർദ്ദേശം പാർട്ടിയുടെ പ്രാദേശിക യോഗത്തിൽ പോലും ഉയർന്നിട്ടില്ല എന്നാണ് വിനോദ് മൊഴി നൽകിയത്. സ്ഥാനാർത്ഥിയാകണമെന്ന ആഗ്രഹം ആനന്ദ് പറഞ്ഞിട്ടില്ല എന്നും വിനോദിന്റെ മൊഴിയിൽ പറയുന്നു. പ്രാദേശിക ബിജെപി നേതാക്കളും ഇതേ മൊഴിയാണ് നൽകിയത്.
ആനന്ദ് സ്ഥാനാർത്ഥി ആകാൻ ആഗ്രഹിച്ചിരുന്നെങ്കിലും എതിർത്തിരുന്നതായി അച്ഛൻ ഉൾപ്പെടെയുള്ള വീട്ടുകാരും മൊഴി നൽകി. ഇതോടെ സ്ഥാനാർത്ഥിയാകാൻ ആരും പിന്തുണയ്ക്കാത്ത മാനസിക വിഷമമാവാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നിഗമനം. അതിനപ്പുറം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ആരുടെയെങ്കിലും ഭാഗത്തുണ്ടായതായിട്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു.