രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സജനാണ് പരാതി നല്‍കിയത്. വനിത നേതാക്കളടങ്ങിയ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷിക്കണം. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളെ കണ്ട് വിവരം ശേഖരിക്കണം. അത്തരത്തില്‍ കൃത്യമായ നിലപാട് പാര്‍ട്ടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ രാഹുലിനെതിരെ ഫെയ്സ്പോസ്റ്റുമായി സജന രംഗത്തെത്തിയിരുന്നു. പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നുമാണ് സജന പോസ്റ്റിലൂടെയും ആവശ്യപ്പെട്ടത്. രാഹുലിനെ ഞരമ്പനെന്ന് സൈബർ സഖാക്കള്‍ വിളിക്കുന്നതിനെ പ്രതിരോധിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇതെന്നും സജന കുറിച്ചിരുന്നു.
'പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്' എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. രാഹുല്‍ രാജി വച്ചതല്ല രാജി വെപ്പിച്ചതാണെന്നും സജന പോസ്റ്റില്‍ പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ നിന്നും മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല.