തിരുവനന്തപുരം കമലേശ്വരം ആര്യൻകുഴിയിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യൻകുഴി ശാന്തി ഗാർഡനിൽ സജിത (54), മകൾ ഗ്രീമ (30) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ടോടെ സ്വീകരണമുറിയിലെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമായി അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്.

"സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നു" എന്ന സന്ദേശം ഗ്രൂപ്പിൽ കണ്ട ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും പൊലീസും സ്ഥലത്തെത്തി. വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് സോഫയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച നിലയിലുള്ള അമ്മയുടെയും മകളുടെയും മൃതദേഹങ്ങളാണ്. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചതും സന്ദേശത്തിലെ സൂചനകളും കണക്കിലെടുത്ത് സയനൈഡ് ഉള്ളിൽച്ചെന്നാണ് മരണം എന്ന് പ്രാഥമികമായി നിഗമനത്തിലെത്തി.

അമ്മയുടെയും മകളുടെയും അപ്രതീക്ഷിത വിയോഗത്തിലേക്ക് നയിച്ചത് കുടുംബത്തിലെ കടുത്ത മാനസിക വിഷമങ്ങളാണെന്ന് പറയപ്പെടുന്നു. കുടുംബനാഥന്റെ മരണം മൂന്ന് മാസം മുൻപായിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തമായിരുന്നില്ല. ആറ് വർഷം മുൻപ് വിവാഹിതയായ ഗ്രീമയുടെ കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെ ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ഇരുവരെയും മാനസികമായി തളർത്തി.

സാധാരണക്കാർക്ക് ലഭിക്കാൻ പ്രയാസമുള്ള സയനൈഡ് ഇവർക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ഇവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചതിൽ സയനൈഡ് കൈകാര്യം ചെയ്യുന്ന ജോലികളുമായി ആർക്കും ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി. നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. പൂന്തുറ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 - 2552056)

ENGLISH SUMMARY:

A mother and daughter were found dead in Thiruvananthapuram, suspected of cyanide poisoning after sending a note on WhatsApp. The incident is under investigation by Poonthura police, with family issues believed to be a contributing factor.