രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഉടന്‍ കേസെടുക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് എഡിജിപിക്ക് കൈമാറിയ പരാതിയില്‍ തിരുവനന്തപുരം  റൂറല്‍ എസ്പി യുവതിയുടെ മൊഴിയെടുക്കുകയാണ്.  മൊഴിയെടുത്ത് കേസെടുക്കാന്‍ എഡിജിപി നിര്‍േദശിച്ചു. സെക്രട്ടേറിയറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നതില്‍ വ്യക്തതയില്ല. പാലക്കാട്  എംഎല്‍എ ഓഫിസ് പൂട്ടിയനിലയിലാണ് . ഫോണ്‍ സ്വിച്ച്ഓഫും. 

Also Read: ഹൂ കെയേഴ്സില്‍ ചെയ്ഞ്ച്; നിലപാട് മാറ്റി രാഹുല്‍; കോടതിയില്‍ കാണാമെന്ന് ആദ്യ പ്രതികരണം


പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാ‍ഞ്ച് എ‍ഡിജിപിക്ക് പരാതി കൈമാറി. എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. വിശദമൊഴി നല്‍കാന്‍ തയ്യാറെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

എന്നാല്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.  കുറ്റംചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്. 

നിയമപരമായി പോരാടുമെന്നും കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രി–സതീശന്‍ ഒത്തുതീര്‍പ്പ് ഈ കേസിലുണ്ടാകരുത്. കോണ്‍ഗ്രസ് രാഹുലിന്‍റെ എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പാലക്കാട് എംഎല്‍എ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഓഫിസിന് മുന്നില്‍ റീത്തുവച്ചു. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

ENGLISH SUMMARY:

Rahul Mamkootathil is facing a sexual assault complaint filed with the Chief Minister. An investigation has been launched after the complaint was forwarded to the ADGP, with the police recording the complainant's statement.