ശബരിമല സ്വര്‍ണക്കൊള്ളയിലെ നിര്‍ണായക ചോദ്യം ചെയ്യലില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ മൊഴി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്ക് വഴിയൊരുക്കിയത് രാജീവരെന്ന് പത്മകുമാര്‍. ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ തന്ത്രി രാജീവര്‍ക്ക് അറിയാം. ആ പരിചയമാണ് ശബരിമലയിലെത്തിച്ചത്. തന്ത്രിയുമായുള്ള സൗഹൃദം മുതലെടുത്താണ് പോറ്റി സ്വാധീനം വര്‍ധിപ്പിച്ചത്. താന്‍ പരിചയപ്പെട്ടതും രാജീവര് മുഖേനയെന്നും പത്മകുമാര്‍ പറഞ്ഞു.
അതേസമയം പോറ്റി വീട്ടില്‍ വന്നതായും ശബരിമലയിലെ പ്രസിഡന്‍റിന്‍റെ മുറി ഉപയോഗിച്ചിരുന്നതായും പത്മകുമാര്‍ സമ്മതിച്ചിട്ടുണ്ട്. കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ്പപാളികളും സ്വര്‍ണം പൂശാനായി സന്നിധാനത്ത് നിന്ന് ചെന്നൈക്ക് കൊണ്ടുപോകുന്ന കാര്യം തന്ത്രിയെ മുന്‍കൂട്ടി രേഖാമൂലം അറിയിച്ചിരുന്നു. അനുമതി വാങ്ങിയശേഷമായിരുന്നു നടപടിയെന്നും പത്മകുമാര്‍ മൊഴി നല്‍കി. തന്ത്രിക്ക് പുറമെ കടകംപള്ളി സുരേന്ദ്രനും ദേവസ്വം അംഗങ്ങള്‍ക്കും കുരുക്കാകുന്ന മൊഴിയും പത്മകുമാര്‍ നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ഒരുകാര്യവും താന്‍ ഒറ്റക്ക് തീരുമാനിച്ചതല്ല. ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമാണ് എല്ലാകാര്യങ്ങള്‍ക്കുമുള്ളത്. പ്രധാന തീരുമാനങ്ങളെല്ലാം ദേവസ്വം വകുപ്പിനെ അറിയിക്കാറുണ്ടെന്നും മൊഴി നല്‍കി. കടകംപള്ളി സുരേന്ദ്രന്‍റെ പേരെടുത്ത് പറഞ്ഞില്ലങ്കിലും സ്വര്‍ണം പൂശല്‍ മുന്‍മന്ത്രിയുടെ അറിവോടെയെന്ന് സൂചിപ്പിക്കുന്നതാണ് ഈ മൊഴി. ഈ മൊഴികളൊക്കെ നല്‍കുമ്പോളും സ്വര്‍ണക്കൊള്ളയില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് കുറ്റം നിഷേധിക്കുകയുമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ്.
അതേസമയം, ഇന്ന് വൈകിട്ട് അഞ്ചിന് പത്മകുമാറിനെ തിരികെ കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. 14 ദിവസം കൂടി ജയിലിലേക്ക് മാറ്റി.