ഫയല്‍ ചിത്രം
മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിക്കാൻ ആലോചന. നികുതി താൽക്കാലികമായി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് നീക്കം. ഇന്ന് രാത്രി ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം ഉണ്ടാകും.
പള്ളിയങ്കണത്തിൽ ഉയർത്തിയ സമര പന്തലിൽ നിന്ന് ഇന്ത്യൻ പാർലമെന്റിൽ വഖഫ് നിയമ ഭേദഗതിയിലേക്ക് വരെ എത്തിച്ച പോരാട്ടവീര്യമാണ് മുനമ്പത്തേത്. 411 ദിവസമായി തുടരുന്ന ഈ പോരാട്ടമാണ് അവസാനത്തിലേക്ക് കടക്കുന്നത്. ഇന്നലെ ഹൈക്കോടതി, മുനമ്പത്തുകാരിൽ നിന്ന് നികുതി താൽക്കാലികമായി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയതോടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് യാഥാർത്ഥ്യമായിരുന്നു. കോടതി ഉത്തരവ് അനുസരിച്ച്, ഇന്നലെ മുതൽ മുനമ്പത്തുകാർ കരമടച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം, സമരം അവസാനിപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സമരസമിതിയാണെന്നും മുനമ്പം ഭൂമി വഖഫ് ആണോയെന്ന് പറയേണ്ടത് സർക്കാരല്ലെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ജനങ്ങളെ അവിടെനിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണെന്നും രാജീവ് വ്യക്തമാക്കി. 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഒക്ടോബർ 13ന് തുടങ്ങിയതാണ് സമരം.