തിരുവനന്തപുരത്ത് റോഡ് നിര്‍മാണം വൈകിയതിന് നിര്‍മാണ കരാറുകാരനെ പരസ്യമായി വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ട്രോളുകളുമെത്തി. ഷര്‍ട്ടില്‍ മൈക്ക് കുത്തിവച്ചുകൊണ്ടുള്ള ശകാരം പ്രതിഷേധമല്ല, തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. പിന്നാലെ മറുപടിയുമായി കടകംപള്ളി വീണ്ടുമെത്തി.
സീനുണ്ടാക്കാന്‍ പോയതല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശ്രീകാര്യത്തെ റോഡ് പരിതാപകരമായ അവസ്ഥയിലെന്നും വിഡിയോ എടുത്ത് ജനങ്ങളെ കാണിക്കാനാണ് പോയതെന്നും കടകംപള്ളി. കരാറുകാരന്‍റെ ഒഴിവുകഴിവ് കേട്ടപ്പോള്‍ ദേഷ്യം വന്നെന്നും മൈക്ക് ഉണ്ടെന്ന് ഓര്‍ക്കാതെയാണ് ശകാരിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിമര്‍ശന വിഡിയോ ട്രോള്‍ ആയതില്‍ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.