ചിത്രം: റസ്സൽ ഷാഹുൽ / മനോരമ

കേരളക്കരയിലെ ഏറ്റവും വലിയ കലാ, സാഹിത്യ– സാംസ്കാരികോത്സവമായ ഹോർത്തൂസിന് കൊച്ചിയിൽ തുടക്കം. ആമുഖം പറഞ്ഞ് ഫെസ്റ്റിവൽ ഡയറക്ടർ എൻ. എസ്. മാധവൻ സംസാരിച്ചു. ചരിത്രപ്രധാന മുഹൂർത്തത്തിലാണു നമ്മളെന്നും കൂടിച്ചേരലിന്റെയും ഐക്യമത്യത്തിന്റെയും തത്വശാസ്ത്രമാണ് ഹോർത്തൂസ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ഷെയ്ഡുകൾ ഹോർത്തൂസിലുണ്ടെന്നും നാമും നീയും ലയിച്ചു ചേരുന്ന സങ്കൽപമാണ് ഹോർത്തൂസ് എന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. 

രാവിലെ 11 മുതൽ രാജേന്ദ്ര മൈതാനത്തും സുഭാഷ് പാർക്കിലുമായി വിവിധ സെഷനുകൾ ആരംഭിച്ചിട്ടുണ്ട്. 5 വേദികളിലായി 225 സെഷനുകളിൽ നാനൂറിലേറെ പ്രതിഭകൾ പങ്കെടുക്കും. ഇന്നു വൈകിട്ട് 6ന് രാജേന്ദ്രമൈതാനത്തെ വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി കലാ, സാഹിത്യ– സാംസ്കാരികോത്സവത്തിന് തിരിതെളിക്കും. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, കൊളംബിയൻ സാഹിത്യകാരി പിലാർ കിൻതാന എന്നിവർ പങ്കെടുക്കും. 30 നാണ് സമാപനം. സമാപനസമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും.

ഗാസയിലെ നോവുകൾ പങ്കുവയ്ക്കാൻ ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷവേഷ് ഇന്നെത്തും. ടി പത്മനാഭൻ, ശ്രീകുമാരൻ തമ്പി, സി രാധാകൃഷ്ണൻ, എൻ.എസ് മാധവൻ, മല്ലിക സുകുമാരൻ, അമിഷ് ത്രിപാഠി, റഫീക് അഹമ്മദ്, കൽപറ്റ നാരായണൻ, ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന സെഷനുകളുണ്ട്. നിലപാടുതറയിൽ ബിനോയ് വിശ്വവും എം വി ഗോവിന്ദനും ഫെമിനിച്ചി ഫാത്തിമ ഫെയിം ഷംല ഹംസയും ഇന്നുണ്ടാകും. മനുഷ്യർ നേരിട്ട് കടുത്ത ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ലിവിങ് ലൈബ്രറിയിൽ അഞ്ച് കഥകൾ കേട്ട് അനുഭവിക്കാം. നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാലയും ഭാവിയിലെ ഭക്ഷണ വിശേഷങ്ങളുമായി ഷെഫ് സ്റ്റുഡിയോയുമുണ്ട്. സെഷനുകളിലേക്ക് പ്രവേശനം സൗജന്യമാണ്. 

ENGLISH SUMMARY:

Hortus, Kerala's biggest arts, literature, and cultural festival, has begun in Kochi. Festival Director N. S. Madhavan described Hortus as a philosophy of convergence and unity, reflecting the shades of the new era. The event will host over 400 personalities across 225 sessions on 5 stages at Rajendra Maidan and Subhash Park until November 30. The official inauguration ceremony will take place this evening at 6 PM at Rajendra Maidan, with veteran actor Mammootty lighting the lamp. Notable attendees include Minister P. Rajeev, Kochi Mayor M. Anilkumar, and Colombian writer Pilar Quintana. Palestinian Ambassador to India, Adnan Mohammad Abushaweesh, is also expected to share stories from Gaza. Entry to the sessions is free.