കാസർകോട് ചെറുവത്തൂരിൽ ദേശീയപാത അണ്ടർ പാസ് സമരസമിതിയുടെ പന്തൽ പൊളിച്ചു നീക്കി പൊലീസ്. സമരസമിതി പ്രവർത്തകർ പന്തലിൽ ഇല്ലാതിരുന്നപ്പോൾ ആയിരുന്നു പൊലീസ് നടപടി. പിന്നാലെ പന്തൽ ഉയർത്തിയ സമരസമിതി ഒന്നാം തീയതി മുതൽ റിലെ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് നേരെ ദേശീയപാതയ്ക്ക് കുറുകെ നിലവിൽ സ്ഥാപിച്ചിരിക്കുന്നത് നടന്നുപോകാൻ മാത്രം കഴിയുന്ന അടിപ്പാതയാണ്. ഇവിടെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിക്കുന്ന വലിയ അടിപ്പാതെ വേണം എന്നാണ് അവശ്യം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ 15 ദിവസമായി സമരത്തിലാണ്. ഇന്ന് ഉച്ചയോടെയാണ് സമര സമിതി അംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് പൊലീസെത്തി പന്തൽ പൊളിച്ചു നീക്കിയത്. ജനാധിപത്യ സമരത്തെ തകർക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് കാട്ടി വലിയ പ്രതിഷേധം ഉയർന്നു.
പിന്നാലെ പൊളിച്ച പന്തൽ സമരസമിതി വീണ്ടും ഉയർത്തി. വരുന്ന ഒന്നാം തീയതി മുതൽ റിലേ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെയായിരുന്നു പൊലീസ് നടപടി. ഇതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനം.