ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്‍റെ ജാമ്യം തള്ളി. ഉദ്യോഗസ്ഥന്‍ എന്നുള്ള നിലയില്‍ കട്ടിളപ്പാളി , ദ്വാരപാലക സ്വര്‍ണപ്പാളി കേസുകളില്‍ ഉത്തരവാദിത്തമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ നടപടി. കൈമാറ്റം നടന്നപ്പോള്‍ മഹസര്‍ തയ്യാറാക്കാത്തത് കുറ്റകരമായ അനാസ്ഥയെന്നും കോടതി വിലയിരുത്തി.
ഇതിനിടെ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി തന്ത്രിമാരുടെ മൊഴി പുറത്തു വന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി സൗഹൃദമുണ്ടെങ്കിലും സ്വര്‍ണം പൂശല്‍ തീരുമാനവും നടപടിയും ദേവസ്വം ബോര്‍ഡിന്‍റേതെന്ന് കണ്ഠരര് രാജീവരും മോഹനരും മൊഴി നല്‍കി. ദൈവതുല്യര്‍ ആരാണെന്ന് അറിയില്ലെന്ന് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ നിര്‍ണായക ചോദ്യം ചെയ്യലിനായി എ.പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കടകംപള്ളി സുരേന്ദ്രന്‍റെ ഇടപെടലില്‍ ഉള്‍പ്പടെ വിവരം തേടും.
Also Read: പോറ്റിയെ കൊണ്ടുവന്നത് ഞാനല്ല; ദൈവതുല്യര്‍ ആരെന്ന് അറിയില്ല; തന്ത്രി കണ്ഠര് രാജീവര്
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് മുന്‍പാണ് തന്ത്രിമാരുടെ മൊഴിയെടുക്കലെന്ന നിര്‍ണായക നീക്കത്തിലേക്ക് എസ്.ഐ.ടി കടന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് രാജീവരെയും മോഹനരെയും വിളിച്ചുവരുത്തി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ച ഇരുവരും അത് സാമ്പത്തിക ഇടപാട് ബന്ധമല്ലെന്ന് പറഞ്ഞു. ശബരിമലയില്‍ സ്ഥിരമായെത്തുന്ന ഭക്തനെന്ന രീതിയിലും വിവിധ ക്ഷേത്രങ്ങളിലെ പൂജാരിയെന്ന രീതിയിലുമാണ് പരിചയപ്പെട്ടതെന്നും വിശദീകരിച്ചു. കവര്‍ച്ചയ്ക്ക് ഇടവെച്ച സ്വര്‍ണം പൂശല്‍ തന്ത്രിമാരുടെയോ മേല്‍ശാന്തിമാരുടെയോ നിര്‍ദേശ പ്രകാരമല്ലെന്ന് വ്യക്തമാക്കിയ തന്ത്രിമാര്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് ഉറപ്പിച്ച് പറഞ്ഞു. ആചാരപ്രകാരമാണോ നടപടികളെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ച രാജീവരര് പത്മകുമാറിന്‍റെ ദൈവതുല്യര്‍ പ്രയോഗത്തിലും പ്രതികരിച്ചു.
എ.പത്മകുമാറിനെ നാളെ വൈകിട്ട് 5 വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിച്ചതോടെ നിര്‍ണായക ചോദ്യം ചെയ്യലിന് കളമൊരുങ്ങി. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടപാടില്‍ പങ്കുണ്ടോയെന്നതാണ് നിര്‍ണായക ചോദ്യം. പത്മകുമാറിന്‍റെ മൊഴിയനുസരിച്ച് കടകംപള്ളിയെ ചോദ്യം ചെയ്യുന്നതിലും ദേവസ്വംബോര്‍ഡ് മുന്‍ അംഗങ്ങളുടെ അറസ്റ്റിലും തീരുമാനമെടുക്കും.