TOPICS COVERED

പാലക്കാട്‌ ചിറ്റൂരിൽ നവജാത ശിശുമരിച്ചത് താലൂക്ക് ആശുപത്രിയുടെ പിഴവ് മൂലമെന്ന് കുടുംബത്തിന്റെ പരാതി. വണ്ടിതാവളം സ്വദേശി നാരായൺകുട്ടി - ആനന്ദി ദമ്പതികളുടെ പെൺകുഞ്ഞ് മരിച്ചതിലാണ് ആരോപണം. എല്ലാതരം ചികിൽസയും നൽകിയിരുന്നെന്നും വീഴ്ച്ചയില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്നലെ പുലർച്ചെയാണ് ആനന്ദിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നാല് മണിയോടെ പ്രസവിച്ചു. കുഞ്ഞിന്റെ കാൽ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നു. പുറത്തെടുത്തപ്പോൾ തന്നെ ശ്വാസതടസ പ്രശ്നങ്ങൾ. കൈ പൊട്ടിയിരുന്നു. ആരോഗ്യനില പരിശോധിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്താതെയാണെന്നും പരാതി

എന്നാൽ ഒരു ചികിത്സാ പിഴവും ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി അധികൃതരുടെ വാദം. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യനിലയെ പറ്റി നേരത്തെ കുടുംബത്തെ ബോധ്യപ്പെടുത്തിയതാണെന്നും കുഞ്ഞിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ നില ഗുരുതരമായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ കുടുംബം ജില്ലാ മെഡിക്കൽ ഓഫിസർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. കോടികൾ ചിലവിട്ട് നിർമ്മിച്ച ആശുപത്രി കെട്ടിടം ഉണ്ടായിട്ടും മതിയായ സംവിധാനങ്ങൾ ഒരുക്കുന്നില്ലന്ന് നേരത്തെ ആക്ഷേപം ഉയർന്നതാണ് 

ENGLISH SUMMARY:

Palakkad infant death: A newborn baby died in Chittur, Palakkad, and the family alleges negligence by the Taluk Hospital. The hospital authorities deny any wrongdoing, stating they provided all necessary treatment.