കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്  കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ പരസ്പരവിരുദ്ധമായാണ്  സംസാരം.  ഇതോടെ  ബണ്ടിചോറിന്‍റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.  റെയിൽവേ പൊലീസ്  കസ്റ്റഡിയിലാണ് ബണ്ടിചോര്‍ ഇപ്പോഴുള്ളത്. 

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത ഇയാളുടെ യാത്രയിൽ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു.  അഭിഭാഷകന്‍ ബി.എ ആളൂരിനെ കാണാന്‍ എത്തിയതെന്നാണ് ബണ്ടിചോ‍‌ർ പൊലീനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല. കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ.

ENGLISH SUMMARY:

Notorious thief 'Bunty Chor', known for over 700 theft cases across various states, was taken into custody by the police from Thampanoor Railway Station, Thiruvananthapuram. The police are questioning him as his statements, claiming he came to meet his lawyer for an old case, are inconsistent. A mental health check-up has been decided due to his erratic behavior.