ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന കേന്ദ്ര ലേബര്‍ കോഡുകള്‍ക്ക് കേരളത്തില്‍ കരട് ചട്ടമുണ്ടാക്കിയത് ഇടത് മുന്നണിയും ഇടത് തൊഴിലാളി സംഘടനകളും അറിയാതെ. കേന്ദ്ര സമ്മര്‍ദ്ദത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ നടപടിയാണെന്നാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ കരട് ചട്ടമുണ്ടാക്കിയത് ഗുരുതരമെന്നാണ് ഇടത് തൊഴിലാളി സംഘടന നേതാക്കളുടെ നിലപാട്. ലേബര്‍ കോഡ് വിഷയത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ ഇക്കാര്യം നേതാക്കള്‍ ഉന്നയിക്കും.
ലേബര്‍ കോഡുകള്‍ക്കെതിരെ ദേശീയ തലത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് പക്ഷത്തിന്‍റെ സ്വന്തം സര്‍ക്കാരുള്ള കേരളത്തിലാണ് നാല് വര്‍ഷം മുമ്പ് രഹസ്യമായി ലേബര്‍ കോഡുകളുടെ കരട് ചട്ടം തയ്യാറാക്കിയത്. ഇടത് മുന്നണിയോ, സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടേയുള്ള ഇടത് തൊഴിലാളി സംഘടനളോ ഒന്നുമറിഞ്ഞില്ല. എന്തിന് മന്ത്രിപോലും അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. ചട്ടങ്ങള്‍ രൂപീകരിച്ചുവെന്ന കാര്യം മന്ത്രി സമ്മതിക്കുന്നു. 2021ല്‍ ലേബര്‍ കോഡുമായി ബന്ധപ്പെട്ട് കേന്ദ്രം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അതിലാണ് കരട് ചട്ടമുണ്ടാക്കാനുള്ള നിര്‍ദേശമുണ്ടായത്. കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണ് ഉദ്യോഗസ്ഥര്‍ കരട് ചട്ടമുണ്ടാക്കിയതെന്നും അതിനോട് സര്‍ക്കാരിന് യോജിപ്പിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരോ മുന്നണിയോ അറിയാതെ മുന്നണിയുടെ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ കരട് ചട്ടമുണ്ടാക്കിയത് ഗൗരവ വിഷയമെന്നാണ് എ.ഐ.ടി.യു.സി നിലപാട്. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടന്നുവെന്നല്ലാതെ കരട് ചട്ടമുണ്ടാക്കിയതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സി.ഐ.ടി.യുസി സംസ്ഥാന പ്രസിഡന്‍റും ഇടത് മുന്നണി കണ്‍വീനറുമായി ടി.പി രാമകൃഷ്ണനും പറയുന്നത്. ലേബര്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്നുണ്ട്. അതില്‍ കരട് ചട്ടം ചര്‍ച്ചയാകും.