കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം തുടരാം.  എസ്.ഐ.ആറിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര, സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മിഷനുകളോട് സത്യവാങ്മൂലം നല്‍കാനാവശ്യപ്പെട്ട സുപ്രീം കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.  തദ്ദേശ തിരഞ്ഞെടുപ്പാണെങ്കിലും എസ്ഐആറിന് തടസമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു.  ബി.എല്‍.ഒമാർ സമ്മർദ്ദത്തിലാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍  

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് അടുത്ത തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.  കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സത്യവാങ്മൂലം നല്‍കണം.  സര്‍ക്കാരിന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.  സ്റ്റേ ആവശ്യം ഇന്ന് ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല.

തദ്ദേശ തിരഞ്ഞെടുപ്പാണെങ്കിലും എസ്‌ഐആർ മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഏകോപിപ്പിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവർത്തിക്കുന്നതെന്നും  വിശദീകരിച്ചു.   കേരളത്തില്‍ 90 ശതമാനം വോട്ടർമാർക്കും എന്യൂമറേഷന്‍ ഫോമുകൾ നൽകിയെന്നും വാദം.   രാഷ്രീയ പാര്‍ട്ടികള്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കമ്മിഷന്‍റെ ആരോപണം.  പാര്‍ട്ടികളല്ല പ്രശ്നമെന്ന് കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കി.  ബി.എല്‍.ഓമാര്‍ സമ്മര്‍ദ്ദത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.  തിര‌ഞ്ഞെടുപ്പായതിനാല്‍ കേരളത്തിലെ ഹര്‍ജിയിലുന്നയിക്കുന്ന പ്രശ്നം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചു.  സർക്കാരും സിപിഎം, സിപിഐ, കോൺഗ്രസ്‌ മുസ്ലിം ലീഗ് പാര്‍ട്ടികളും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ENGLISH SUMMARY:

Kerala Voter List is undergoing intensive revision. The Supreme Court has adjourned the hearing on petitions against SIR, requesting affidavits from central and state election commissions.