പമ്പയിലെ വാഹനക്കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള നിലയ്ക്കല്‍ -പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന് റെക്കോര്‍ഡ് വരുമാനം. ആദ്യ ആഴ്ചയില്‍ ഒരു കോടിയോട് അടുത്ത് വരുമാനം നേടിയ സര്‍വീസ് സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിര്‍ത്തിയിട്ട ശേഷം തീര്‍ഥാടകര്‍ക്ക് പമ്പയിലെത്താനുള്ള ഏക മാര്‍ഗം കൂടിയാണ്. നാല്‍പ്പത് പേരടങ്ങുന്ന സംഘമുണ്ടെങ്കില്‍ ഒരു ബസില്‍ കെഎസ്ആര്‍ടിസി യാത്രാ സൗകര്യവുമൊരുക്കും.
കണ്ണികള്‍ കോര്‍ത്തെടുക്കും പോലെ നിരനിരയായി വിവിധ ശ്രേണിയിലുള്ള ബസുകള്‍. തിരക്ക് കൂട്ടാതെ സ്വാമിമാര്‍ ബസിനുള്ളിലേക്ക് കയറണമെന്ന് നിര്‍ദേശം. മുഴുവന്‍ സീറ്റിലും സ്വാമിമാരുണ്ടെന്ന് ഉറപ്പാക്കിയാല്‍ പമ്പ ലക്ഷ്യമാക്കി ബസ് നീങ്ങും. രാപകല്‍ വ്യത്യാസമില്ലാതെ 170 ബസുകള്‍ ഈമട്ടില്‍ സര്‍വീസ് നടത്തിക്കൊണ്ടേയിരിക്കും. ചിട്ടയായ ക്രമീകരണമാണ് നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസിന്‍റെ നടത്തിപ്പിലുള്ളത്. സ്വന്തം വാഹനത്തില്‍ പമ്പയിലെത്താന്‍ കഴിയാത്തതിന്‍റെ നിരാശയുണ്ടെങ്കിലും ദര്‍ശന ലക്ഷ്യം കണക്കാക്കുമ്പോള്‍ സ്വാമിമാര്‍ക്കും ആശ്വാസം.
ഓര്‍ഡിനറി ബസില്‍ അന്‍പതും, എസി ലോ ഫ്ലോറില്‍ എണ്‍പതുമാണ് ടിക്കറ്റ് നിരക്ക്. റെക്കോര്‍ഡ് വരുമാന നേട്ടം സ്വന്തമാക്കിയ പമ്പ, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് തിരക്ക് കൂടുന്നതിന് അനുസരിച്ച് അധിക ബസുകള്‍ പ്രയോജനപ്പെടുത്തും. എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ ഇതിനുള്ള കരുതല്‍ ബസുകളുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും സര്‍വീസിന്‍റെ ഭാഗമാകും.